തെരുവുനായ വിളയാട്ടം; റാന്നിയിൽ നിരവധി പേർക്കു കടിയേറ്റു
1452912
Friday, September 13, 2024 2:51 AM IST
റാന്നി: റാന്നിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം. നായയുടെ ആക്രമണത്തില്‍ പല സ്ഥലങ്ങളിലായി കുട്ടികളും മുതിര്‍ന്നവരും അടക്കം ഇരുപത്തഞ്ചോളം പേര്‍ക്ക് കടിയേറ്റു.
ആക്രമിച്ച നായയ്ക്ക് പേവിഷ ബാധയുള്ളതായും സംശയമുണ്ട്. തെരുവു നായയുടെ ആക്രമണത്തില്‍ വടശേരിക്കര നരിക്കുഴിയിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
ഇന്നലെ രാവിലെ ആറോടെ റാന്നി ബ്ലോക്ക്പടിയിലാണ് പുതുശേരിമല സ്വദേശിയെ ആദ്യം നായ ആക്രമിക്കുന്നത്. പിന്നീട് മറ്റൊരു നായ റാന്നി ഇട്ടിയപ്പാറ - ഐത്തല റോഡിൽ ആക്രമണം നടത്തി.
റോഡരികിൽ നിൽക്കുകയായിരുന്ന ഒരു കൊച്ചുകുട്ടിയെ തള്ളിയിട്ട് ആക്രമിച്ചു. നായയുടെ ശൗര്യം കണ്ടു ആളുകള്‍ ഓടി മാറി. ബ്ലോക്കുപടിയിൽ സ്കൂട്ടറിൽ വന്നിറങ്ങിയ പുതുശേരിമല ഇലവുങ്കൽ രവീന്ദ്രൻ നയരെയാണ് രാവിലെ തെരുവുനായ കടിച്ചത്.
കടിച്ച ശേഷം ഓടിപ്പോയ നായയെ കണ്ടെത്താന്‍ ആയിട്ടില്ല. വടശേരിക്കര നരിക്കുഴിയില്‍ ലോട്ടറി വില്പനക്കാരന് നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു.
ഇതിനെ പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ തല്ലികൊന്നു. ഇട്ടിയപ്പാറയിലെ നായയേയും തല്ലികൊന്നിട്ടുണ്ട്. എന്നാല്‍ ബ്ലോക്കുപടിയിലെ ആക്രമണകാരിയായ നായയെ കണ്ടെത്താനായിട്ടില്ല.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ അപകടകാരികളാകാന്‍ സാധ്യതയുണ്ട്. തെരുവില്‍ അലഞ്ഞുതിരിയുന്ന ഒരുപാട് നായ്ക്കളെ ഈ മൂന്നു സ്ഥലത്തും ആക്രമണകാരികളായ നായ കടിച്ചിട്ടുണ്ടെന്നാണ് വിവരം. നായയുടെ ജഡം തിരുവല്ലയിലെത്തിച്ച് പരിശോധന നടത്തി.