കുടുംബശ്രീ ഭക്ഷ്യശൃംഖല കേരളമൊട്ടാകെ വ്യാപിപ്പിക്കും: മന്ത്രി രാജേഷ്
1452644
Thursday, September 12, 2024 3:08 AM IST
പന്തളം: കുടുംബശ്രീ പ്രീമിയം കഫേ ശൃംഖലയുടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. പന്തളത്ത് ടൂറിസം അമിനിറ്റി സെന്ററിൽ ആരംഭിച്ച കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തില്‍ എറണാകുളം അങ്കമാലി, തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍, വയനാട് ജില്ലയില്‍ മേപ്പാടി എന്നിവിടങ്ങളില്‍ പ്രീമിയം കഫേകൾ കുടുംബശ്രീ ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടമായാണ് ഇപ്പോള്‍ പന്തളത്ത് ആരംഭിച്ചത്.
സംരംഭകര്‍ക്ക് വരുമാനവര്‍ധന നേടുന്നതിനൊപ്പം വനിതകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഭക്ഷ്യശൃംഖല രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിലെ മൂന്ന് പ്രീമിയം കഫേകള്‍ വഴി വരുമാന ഇനത്തില്‍ ഇതേവരെ 2.20 കോടി രൂപ ലഭിച്ചിരുന്നു. 22 സംരംഭകര്‍ ഉള്‍പ്പെടെ 48 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കാന്റീന്, കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പു വരുത്തുന്നതിനൊപ്പം തൊഴില്‍രംഗത്ത് ഉയര്‍ന്ന തലത്തില്‍ എത്തിക്കാൻ പ്രീമിയം കഫേകള്‍ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടി. മന്ത്രി വീണാ ജോർജ് സന്ദേശം നൽകി.
മികച്ച പരിശീലനം ലഭിച്ച 17 വനിതകളുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ രാത്രി 11 വരെയാണ് കഫേയുടെ പ്രവര്‍ത്തനം. പാചക വൈവിധ്യം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണവിതരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിംഗ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിത്വം, മികച്ച മാലിന്യസംസ്കരണ ഉപാധികള്‍ എന്നിവയിലടക്കം ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങള്‍ ഇവിടെയുണ്ട്. പൂര്‍ണമായും ശീതീകരിച്ച റസ്റ്റോറന്റിനോടു ചേര്‍ന്ന് റിഫ്രഷ്മെന്റ് ഹാള്‍, യോഗങ്ങൾക്കുള്ള ഹാള്‍, കുടുംബശ്രീ ഉല്പന്നങ്ങളുടെ കിയോസ്ക് ജൂസ് കൗണ്ടര്‍, ഡോര്‍മിറ്ററി സംവിധാനം, റൂമുകള്‍, ശുചിമുറികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
മണ്ഡലകാലത്ത് അയ്യപ്പഭക്തന്മാര്ക്ക് ഡോര്‍മിറ്ററി സൗകര്യവും ഉണ്ടാകും. കൂടാതെ വിരുന്ന് സത്കാരങ്ങള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിനായി പ്രത്യേക ഹാളും ഇതോടൊപ്പമുണ്ട്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ എ.എസ്. ശ്രീകാന്ത് സാഗതവും കുടുംബശ്രീ ജില്ലാ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദുരേഖ നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്.അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആര്. തുളസീധരന്‍ പിള്ള, പന്തളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്,
ഡിടിപിസി എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു കോശി, ടി. മുരുകേഷ്, മനോജ് മാധവശേരില്‍, എം. ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സുബൈര്‍കുട്ടി, സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്, കേരള ബാങ്ക് ജനറല്‍ മാനേജര്‍ ഷാജു ജോര്‍ജ്, കുളനട സിഡിഎസ് അധ്യക്ഷ അയിനി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.