കാണാതായ വീട്ടമ്മയെ കണ്ടെത്തി
1452380
Wednesday, September 11, 2024 2:54 AM IST
പത്തനംതിട്ട: കഴിഞ്ഞ ഓഗസ്റ്റ് 18 ന് വീട്ടിൽ നിന്നും കാണാതായ അന്പത്തഞ്ചുകാരിയെ ആറന്മുള പോലീസ് തണ്ണിത്തോട്ടിൽനിന്നും കണ്ടെത്തി. ഇലന്തൂർ പൂക്കോട് മേട്ടയിൽവീട്ടിൽ അയ്യപ്പന്റെ ഭാര്യ പുഷ്പയെയാണ് ഊർജിതമായ അന്വേഷണത്തിനൊടുവിൽ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്.
മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലായിരുന്ന ഇവരെ കഴിഞ്ഞ ഓഗസ്റ്റ് 15ന് രാവിലെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. 17ന് ആറന്മുള പോലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകി.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് പ്രത്യേക സംഘം ഊർജിതമായ അന്വേഷണം ആരംഭിച്ചു. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം കൈമാറുകയും ചെയ്തിരുന്നു.
സിസിടിവി ദൃശ്യങ്ങളും മറ്റും വിശദമായി പരിശോധിച്ചും വ്യാപകമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഇന്നലെ രാവിലെ തണ്ണിത്തോട്ടിലുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെനിന്നും ഇവരെ കണ്ടെത്തിയത്.
തുടർന്ന് സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തി. സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്നും, പിന്നീട് തണ്ണിത്തോട്ടിലൊരു വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നെന്നും ഇവർ പോലീസിനോടു പറഞ്ഞു.