കുളനടയില്‍ കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ്
1451492
Sunday, September 8, 2024 3:03 AM IST
പത്തനംതിട്ട: കുളനടയില്‍ ഡിടിപിസിയുടെ വഴിയോര വിശ്രമ കേന്ദ്രത്തില്‍ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റ് ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം പത്തിനു വൈകുന്നേരം 6.30നു നടക്കും.
1.5 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വഴിയോര വിശ്രമകേന്ദ്രത്തില്‍ ഒരേസമയം അമ്പതിലധികം ആളുകള്‍ക്ക് ഇരിക്കുവാന് സാധിക്കുന്ന തരത്തില്‍ ഭക്ഷണശാലയും അതിനോടനുബന്ധിച്ചു ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ആധുനിക അടുക്കളയും സജ്ജീകരിച്ചിട്ടുണ്ട്.
താമസസൗകര്യത്തിനായി അഞ്ച് മുറികളും ഡോര്‍മെറ്ററിയും കിയോസ്ക് സൗകര്യങ്ങളും ഉണ്ട്. സ്വാദിഷ്ടമായ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍, 50 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യന്നതിനുള്ള സൗകര്യം, കുട്ടികള്‍ക്ക് കളിക്കുവാനുള്ള പാര്‍ക്ക്, ടേക്ക് എവേ കൗണ്ടര്‍ എന്നിവയുമുണ്ടാകും.
മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ബാന്‍ക്വറ്റ് ഹാളിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും കിയോസ്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി. പി. രാജപ്പനും നോണ്‍ എസി റിഫ്രഷ്മെന്റ് ഹാളിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണനും നിര്‍വഹിക്കും.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിജി മാത്യു, ആര്. ജയകുമാര്‍, ബിന്ദുരേഖ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.