വേതനം തേടിയുള്ള സമരം ശക്തമാകുന്നു; 108 ആംബുലൻസുകൾ ഇന്ന് ഓടില്ല
1438391
Tuesday, July 23, 2024 3:01 AM IST
പത്തനംതിട്ട: 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി ഒരാഴ്ച പിന്നിടുന്പോഴും അധികൃതർ മൗനത്തിൽ. ചെയ്ത ജോലിക്ക് കൂലി ആവശ്യപ്പെട്ടു നടക്കുന്ന സമരം പിൻവലിക്കണമെന്നാവശ്യപ്പെടാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ആരോഗ്യവകുപ്പ്. സംസ്ഥാനമൊട്ടാകെ ഇന്ന് സർവീസുകൾ നിർത്തിവച്ച് ജീവനക്കാർ സൂചനാ പണിമുടക്കും സെക്രട്ടേറിയറ്റ് മാർച്ചും നടത്തുകയാണ്.
108 ആംബുലൻസിലെ നഴ്സുമാരും ഓഫീസ് ജീവനക്കാരും ഉൾപ്പെടെയുളളവർക്ക് ജൂണിലെ ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് സിഐടിയു നേതൃത്വത്തിൽ കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ കഴിഞ്ഞ 16 മുതൽ സൂചനാ സമരം തുടങ്ങിയത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നത്തെ പണിമുടക്ക്.
എന്നാൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആംബുലൻസുകളെയും ജീവനക്കാരെയും സമരത്തിൽനിന്ന് ഒഴിവാക്കിയതായി ജനറൽ സെക്രട്ടറി വി.ആർ രാജീസ് അറിയിച്ചു. ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കുള്ള റഫറൽ രോഗികളെ എടുക്കുന്നത് ഒഴിവാക്കിയായിരുന്നു പ്രതിഷേധം തുടങ്ങിയത്. പൊതുജനങ്ങളുടെ സുരക്ഷയെ മാനിച്ച് വാഹനാപകടങ്ങളിൽപ്പെട്ടവരെയും അടിയന്തര സാഹചര്യങ്ങളിലുള്ള മറ്റ് രോഗികളെയും ആശുപത്രികളിലെത്തിക്കുന്നതിന് സമരം തടസമായിരുന്നില്ല. എന്നാൽ, ഇന്ന് എല്ലാത്തരം സേവനങ്ങളിൽനിന്നും വിട്ടുനിൽക്കാനാണ് ജീവനക്കാരുടെ തീരുമാനം. തുടർച്ചയായ മുന്നറിയിപ്പുകൾ ബന്ധപ്പെട്ടവർ അവഗണിച്ചതോടെ വേതനത്തിനായി പണമുടക്കല്ലാതെ മറ്റു മാർഗമില്ലെന്നു ജീവനക്കാർ പറയുന്നു.
ജില്ലയിൽ 15 ആംബുലൻസുകൾ; 60 ജീവനക്കാർ
108ൽപ്പെട്ട 15 ആംബുലൻസുകളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. ഇതിൽ ഏഴെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നവയും എട്ടെണ്ണം 12 മണിക്കൂർ പ്രവർത്തിക്കുന്നവയുമാണ്. നഴ്സും ഡ്രൈവറും അടക്കം രണ്ടുപേരാണ് ഒരു ആംബുലൻസിലുണ്ടാവുക. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആംബുലൻസിൽ രണ്ടു ഷിഫ്റ്റ് ആയാണ് ഡ്യൂട്ടി. സ്ത്രീകളും പുരുഷൻമാരും അടക്കം 60 പേർ ജീവനക്കാരായുണ്ട്. ജോലി സമയം 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നീളും. നഴ്സിനു പ്രതിമാസം 24,000 രൂപയും ഡ്രൈവർക്ക് 21,000 രൂപയുമാണ് പ്രതിമാസ വേതനം.
സംസ്ഥാനമൊട്ടാകെ നൂറുകണക്കിന് ആംബുലൻസുകളും അഞ്ഞൂറിലധികം ജീവനക്കാരും ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഒരുമാസം ഒരു ആംബുലൻസ് 1000 കിലോമീറ്റർ ഓടിയാൽ മതിയെന്നാണ് കരാർ. എന്നാൽ തങ്ങൾ 8000 കിലോമീറ്റർവർ വരെ സർവീസ് നടത്താറുണ്ടെന്ന് ജീവനക്കാർ പറയുന്നു.
2019 മുതലാണ് എല്ലാ ജില്ലയിലും 108 ആംബുലൻസ് സർവിസ് തുടങ്ങുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കാണ് നടത്തിപ്പുചുമതല. തിരുവനന്തപുരം ടെക്നോപാർക്കിലാണ് ഇവരുടെ ഓഫിസ് പ്രവർത്തിക്കുന്നത്. ഏഴാംതീയതിക്കുമുമ്പ് ശമ്പളം നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
ഇക്കൊല്ലം ഇൻക്രിമെന്റും ലഭിച്ചിട്ടില്ല. ജൂൺ മാസത്തെ ശമ്പളവും ഇതേവരെ നൽകിയിട്ടില്ല. സർക്കാർ ഫണ്ട് ലഭിച്ചില്ലെന്നാണ് ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനി അധികൃതർ പറയുന്നത്. വേതനം വൈകിയ സാഹചര്യത്തിൽ മുമ്പും 108 ആംബുലൻസ് ജീവനക്കാർക്ക് സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്.
സിഐടിയു, ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ഭാഗത്തു നിന്ന് നിസഹകരണ സമരം ശക്തമായതോടെ കഴിഞ്ഞദിവസം കരാർ കമ്പനിക്ക് മെഡിക്കൽ സർവീസ് കോർപറേഷൻ 3.8 കോടി അനുവദിച്ചിരുന്നു.
എന്നാൽ, ഈ തുക ശമ്പളമായി നൽകാൻ തികയില്ലെന്നാണ് കമ്പനിയുടെ വാദമെന്ന് തൊഴിലാളി സംഘടന നേതാക്കൾ ആരോപിച്ചു. ആംബുലൻസുകളിൽ ഇന്ധനം നിറയ്ക്കുന്നതിനും അറ്റകുറ്റപ്പണിൾ നടത്തുന്നതിനും ഓക്സിജനും മരുന്നുകളും ഉൾപടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും കൺട്രോൾ റൂം പ്രവർത്തനത്തിനും മറ്റും കുടിശികയുള്ള പണം ഈ തുകയിൽനിന്ന് നൽകാനാണ് കരാർ കമ്പനിയുടെ നീക്കം. മെഡിക്കൽ സർവീസസ് കോർപറേഷനിൽ നിന്ന് ലഭിക്കാനുള്ള 75 കോടി രൂപയുടെ കുടിശിക ലഭ്യമാക്കിയാൽ മാത്രമേ ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കൂവെന്ന നിലപാടാണ് കരാർ കമ്പനിക്കെന്ന് തൊഴിലാളി സംഘടന നേതാക്കൾ ആരോപിക്കുന്നു.
സമരം നീളുമ്പോഴും ശമ്പളം നൽകി ജീവനക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആശുപത്രികളിൽനിന്നുള്ള റഫറൽ രോഗികളെ കൊണ്ടുപോകാൻ സ്വകാര്യആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം. പത്തനംതിട്ട ജില്ലയിലെ ആശുപത്രിയിൽനിന്ന് നിത്യവും നിരവധി രോഗികളെയാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാറുള്ളത്.
സമരത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ 108 ജീവനക്കാർ അടിക്കടി സമരം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജൂഡീഷൽ അംഗവുമയ കെ.ബൈജു നാഥ് നോട്ടീസ് അയച്ചത്. ശമ്പളം കിട്ടാൻ വൈകുമ്പോൾ സേവനം നിർത്തുന്ന പ്രവണത അടിയന്തരമായി തടയണമെന്ന് ചൂണ്ടിക്കാട്ടി അനീഷ് മണിയനാണ് കമ്മീഷനെ സമീപിച്ചത്.