മാടമണ്ണിൽ തീർഥാടക വാഹനത്തിനു മുകളിലേക്ക് വൃക്ഷശിഖരം ഒടിഞ്ഞുവീണു
1423378
Sunday, May 19, 2024 4:16 AM IST
പെരുനാട്: ശബരിമല പാതയിൽ മാടമണ്ണിൽ തീർഥാടകർ സഞ്ചരിച്ച ബസിനു മുകളിലേക്ക് വൃക്ഷ ശിഖരം ഒടിഞ്ഞുവീണു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ആർക്കും പരിക്കില്ല. മഴയെത്തുടർന്ന് റോഡരികിൽ നിന്നിരുന്ന ബദാം മരത്തിന്റെ ശിഖരമാണ് തമിഴ്നാട്ടിൽനിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ച ബസിനു മുകളിലേക്ക് ഒടിഞ്ഞു വീണത്.
അപകടത്തെത്തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചു നീക്കിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. പെരുനാട് മാടമൺ ഭാഗത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം പ്രദേശവാസികൾ നേരത്തെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.