മന്ത്രിയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
പത്തനംതിട്ട: ആരോഗ്യ വകുപ്പിൽ നിയമനങ്ങളിലും മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേനയുള്ള മരുന്ന്, ഉപകരണങ്ങൾ വാങ്ങലിലും വ്യാപക അഴിമതിയാണ് നടന്നുവരുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു.
മെഡിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള താല്കാലിക നിയമനത്തിൽ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെട്ട കോഴ ആരോപണത്തിൽ മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ എംഎൽഎ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പണം നല്കി വഞ്ചിക്കപ്പെട്ട പരാതിക്കാരൻ പ്രതിയാവുകയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിശുദ്ധനാവുകയും ചെയ്തത് വിചിത്രമാണെന്ന് പഴകുളം മധു പറഞ്ഞു.
പരാതിക്കാരന്റെ വെളിപ്പെടുത്തൽ പുറത്തു വന്നപ്പോൾ തന്നെ തന്റെ ഓഫീസ് സ്റ്റാഫ് അംഗം കുറ്റക്കാരനല്ലെന്ന് മന്ത്രി വിധി പറഞ്ഞത് ഏത് അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രകാരമാണെന്നും അദ്ദേഹം ആരാഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം പി. മോഹൻരാജ്, നേതാക്കളായ എ. ഷംസുദീൻ, ജോർജ് മാമ്മൻ കൊണ്ടൂർ, വെട്ടൂർ ജ്യോതിപ്രസാദ്, എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ലിജു ജോർജ്, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, എം.ജി. കണ്ണൻ, ഹരികുമാർ പൂതങ്കര, എസ്.വി. പ്രന്നകുമാർ, റോഷൻ നായർ, സിന്ധു അനിൽ, എലിസബത്ത് അബു, ജെറി മാത്യു സാം, നഹാസ് പത്തനംതിട്ട, ശ്യാം എസ്. കോന്നി എന്നിവർ പ്രസംഗിച്ചു.