കോഴഞ്ചേരി: ചെങ്ങന്നൂര്‍-പന്പ റെയില്‍പാതയുടെ വിശദ രൂപരേഖ സമര്‍പ്പിക്കുന്നതിനു മുന്നോടിയായുള്ള മണ്ണു പരിശോധനയുടെ ഒന്നാംഘട്ടം ആരംഭിച്ചു. കോഴഞ്ചേരി മേഖലയിലെ വിവിധ സ്ഥലങ്ങളിലാണ് മണ്ണു പരിശോധന നടക്കുന്നത്. ഇതു സംബന്ധിച്ച ദക്ഷിണ റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറുടെ അറിയിപ്പ് ജില്ലാ കളക്ടര്‍ക്കു ലഭിച്ചിട്ടുണ്ട്. ആദ്യഘട്ട ലിഡാര്‍ പരിശോധന പ്രകാരം കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് സാന്പിളുകള്‍ ശേഖരിക്കുന്നത്. നിർദിഷ്ട പാതയോരങ്ങളിലും സര്‍ക്കാര്‍ വക ഭൂമിയിലുമാണ് മണ്ണ് പരിശോധന നടത്തുകയെങ്കിലും കോഴഞ്ചേരി, ആറന്മുള ഭാഗങ്ങളില്‍ ജനവാസ മേഖലകളിലും മണ്ണ് പരിശോധന ആരംഭിച്ചതോടെ പ്രതിഷേധങ്ങളും ഉയർന്നു തുടങ്ങി.
മണ്ണു പരിശോധന ഏജന്സിയ്ക്കുവേണ്ട സഹായങ്ങള്‍ ചെയ്തു നല്കാന് റവന്യു, വനം, പോലീസ്, പൊതുമരാമത്ത്, ജല വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബർ 30 വരെ സർവേ നടപടികളുണ്ടാകും.
പ്രാഥമിക പഠനങ്ങൾക്ക് 1.86 കോടി
പ്രാഥമിക സർവേ, മണ്ണു പരിശോധന എന്നിവയ്ക്കുശേഷം ഡിപിആർ തയാറാക്കാൻ 1.86 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്. റെയിൽവേ ബോർഡ് തന്നെയാണ് സർവേ നടത്തിയത്. എലിവേറ്റഡ് പാതയാണ് നിർമിക്കാൻ നിർദേശിച്ചിട്ടുള്ളത്.
പന്പാതീരത്തു കൂടിയുള്ള പാത ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി നിർമിക്കുന്നതിനുള്ള പഠനമാണ്നടന്നത്. പാത കടന്നു പോകുന്ന മേഖലകളിൽ വിവിധ സ്ഥലങ്ങളിലായിട്ടാണ് ഇപ്പോൾ മണ്ണു പരിശോധന നടത്തുന്നത്. പരിശോധന നടക്കുന്ന സ്ഥലങ്ങൾ റെയിൽപ്പാതയ്ക്ക് ഏറ്റെടുക്കുമെന്ന തീരുമാനം ഇല്ലെന്നും അധികൃതർ പറഞ്ഞു.
നിർദിഷ്ട പാത ചെങ്ങന്നൂരിൽ നിന്നാരംഭിച്ച് പന്പ വരെ 76 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്.
കിലോ മീറ്ററിന് 118 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കുന്നതിന് 10,700 കോടി രൂപ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടൽ. ചെങ്ങന്നൂര്‍ മുതല്‍ റാന്നി വരെ പൂര്‍ണമായും പന്പാ തീരത്തു കൂടിയാണ് റെയില്‍ പാതയുടെ പ്രാഥമിക നിർദേശം. ഇതിൽ ചില സ്ഥലങ്ങളിൽ ജനവാസ മേഖലകളിലേക്കു റൂട്ട് മാറ്റിയേക്കുമോയെന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ആറന്മുളയിൽ ഒരു സ്റ്റേഷനുള്ള നിർദേശവുമുള്ളതാണ്.
പുത്തന്‍കാവ്, ഇടയാറന്മുള, ആറന്മുള, മല്ലപ്പുഴശേരി, കോഴഞ്ചേരി വഴി ചെറുകോലെത്തി, കീക്കൊഴൂര്‍ നിന്ന് തെക്കേപ്പുറം, മന്ദിരം, ഇടക്കുളം വഴിയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്. പന്പാ തീരത്തു കൂടി പെരുനാട് ഭാഗത്തേക്കുകടക്കുന്ന പാത പിന്നീടു ശബരിമല റോഡിന് സമാന്തരമായി നീങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനയുണ്ട്. എന്നാൽ, പാതയ്ക്കുവേണ്ടിയുള്ള ആദ്യപഠനത്തിൽ ചെറുകോൽപ്പുഴ, റാന്നി, വടശേരിക്കര, അത്തിക്കയം, പെരുന്തേനരുവി, കണമല, നിലയ്ക്കൽ, അട്ടത്തോട് വഴിയുള്ള നിർദേശമാണ് ഉണ്ടായിരുന്നത്. ഇതു പൂർണമായി പന്പാ തീരത്തു കൂടി മാത്രമുള്ളതായിരുന്നു.
ജനവാസമേഖല
ജനവാസ മേഖലകൾ ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കൽ നിർദേശം ഇതേവരെ പദ്ധതിയുടെ ഭാഗമല്ല. പന്പാ തീരത്തുകൂടിയുള്ള പാതയായതിനാൽ സർക്കാർ സ്ഥലമാണ് വേണ്ടിവരിക. വനമേഖലയിലൂടെയും പാത കടന്നുപോകും. റെയിൽപാതകൾക്കു വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇപ്പോൾ ആവശ്യവുമില്ല. ടൂറിസം സാധ്യതകൾകൂടി കണക്കിലെടുത്താണ് പാത പന്പാ തീരത്തുകൂടി വിഭാവനം ചെയ്തത്. ഇതിനൊപ്പം സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭാരിച്ച ചെലവുകൾ ഒഴിവാകുകയും ചെയ്യും.