ജലമലിനീകരണത്തിനു പ്രതിവിധിയുമായി എസ്എൻ ഐടി വിദ്യാർഥികൾ
1301117
Thursday, June 8, 2023 11:04 PM IST
അടൂർ: മാലിന്യങ്ങൾ കെട്ടികിടക്കുന്ന ജലസ്രോതസുകൾ വൃത്തിയാക്കാനും അണുനശീകരണം നടത്താനും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് വിദ്യാർഥികൾ. അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഉപകരണം നിർമിക്കണമെന്ന ആശയത്തിൽ നിന്നാണ് അദ്വൈത് ബി. വസന്ത്, ജി.എസ്. ഗാർഗി എന്നീ വിദ്യാർഥികൾ ജലമലിനീകരണത്തിനു ഒരു പരിഹാരം കണ്ടെത്തിയത്.
ഇന്റർനെറ്റ് ഓഫ് തിംഗ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഉപകരണം കൊണ്ട് മാലിന്യങ്ങൾ ശേഖരിക്കുകയും തുടർന്ന് ജലത്തിന്റെ പിഎച്ച് മൂല്യവും പ്രക്ഷുബ്ധതയും നിരീക്ഷിക്കുകയും അതനുസരിച്ചു ജലസ്രോതസിനെ അണുവിമുക്തമാക്കുകയും ചെയ്യുന്നതിനാണ് രൂപകൽപന ചെയ്തിട്ടുള്ളത്.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി സുജ പൗലോസിന്റെയും അസിസ്റ്റന്റ് പ്രഫസർ ആർ. ദിവ്യയുടെയും മേൽനോട്ടത്തിലാണ് പ്രോജക്ട് പൂർത്തീകരിച്ചത്.