പുന്നോണ് പാടശേഖര ഫാം റോഡ് തുറന്നു
1299836
Sunday, June 4, 2023 6:35 AM IST
പത്തനംതിട്ട: പുന്നോണ് പാടശേഖര ഫാമിനോടു ചേര്‍ന്നുള്ള കള്‍വേര്‍ട്ടുകള്‍ ശക്തിപ്പെടുത്താല്‍ 19 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ പുന്നോണ് പാടശേഖര ഫാം റോഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പണി തീര്‍ന്ന കള്‍വേര്‍ട്ട്, ഹെവി വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്കായി സഞ്ചാരയോഗ്യമാക്കുന്നതിനായാണ് ജലസേചനവകുപ്പ് തുക അനുവദിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പുന്നോണ് ഭാഗവും പതിന്നാലാം വാര്‍ഡിലെ വാഴത്തോപ്പില്‍ പ്രദേശവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫാം റോഡും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍നിന്ന് അനുവദിച്ച 43 ലക്ഷം രൂപയ്ക്കാണ് പൂര്‍ത്തീകരിച്ചത്.
ഒരു നാട് തന്നെ പദ്ധതി ഏറ്റെടുത്ത കാഴ്ചയാണ് പുന്നോണില് കാണാന്‍ സാധിക്കുന്നത്. ഫാം റോഡ്, റാമ്പുകള്‍, ട്രാക്ടര്‍ സ്ലാബുകള്‍, ബോക്സ് കള്‍വെര്‍ട്ടുകള്‍, തടയണ തുടങ്ങിയവയുടെ നിര്‍മാണം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുന്നോണ് പാടശേഖരത്തില്‍ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നതിന് നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പിന്തുണ മാത്രമാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍. ആറന്മുള നിയോജക മണ്ഡലത്തില്‍ മുന്‍ഗണന നല്‍കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണെന്നും നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര ഇടപെടലുകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പുന്നോണ് പാടശേഖരസമിതി പ്രസിഡന്റ് എം.വി. സന്‍ജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനിയര്‍ പി.എസ്. കോശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പ്രകാശ് കുമാര്‍ തടത്തില്‍, പുന്നോണ് പാടശേഖരസമിതി വൈസ് പ്രസിഡന്റ് ഈപ്പന് മാത്യു, വാര്‍ഡ് അംഗം ബെന്നി ദേവസ്യ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനികുമാര്‍, നാരങ്ങാനം കൃഷി ഓഫീസര്‍ എസ്. സുചിത്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.