നാട്ടറിവുകളും കലാരൂപങ്ങളും പുനർജനിച്ചു, വൈവിധ്യ നിറവിൽ കുടുംബശ്രീ കലോത്സവം
1297838
Sunday, May 28, 2023 2:23 AM IST
പത്തനംതിട്ട: സാധാരണ കലോത്സവവേദികളെ കടത്തിവെട്ടി കുടുംബശ്രീക്കാർ. ജില്ലാതല കലോത്സവ വേദി അവർക്ക് സ്വന്തം കഴിവുകളുടെ മത്സരം മാത്രമായിരുന്നില്ല, അന്യം നിന്നുപോകുന്ന കലാരൂപങ്ങളെയും നാട്ടറിവുകളെയും കോർത്തിണക്കി വേദിയിൽ എത്തിക്കാനുള്ള അവസരം കൂടിയാക്കി മാറ്റി. പ്രായത്തിന്റെ അവശതകളും മറ്റു പാരാബ്ധങ്ങളും എല്ലാം മറന്നാണ് വീട്ടമ്മമാർ ഇന്നലത്തെ ദിവസം തങ്ങളുടേതാക്കി മാറ്റിയത്. ബ്ലോക്കുതല മത്സരത്തിൽ വിജയിച്ചാണ് ഇവർ ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.
പത്തനംതിട്ട നഗരത്തിലെ രണ്ടുവേദികളിലായി ഇന്നലെ രാവിലെ ആരംഭിച്ച ജില്ലാതല കുടുംബശ്രീ കലോത്സവം "അരങ്ങ് 2023, ഒരുമയുടെ പലമ' പൂർത്തിയായത് ഏറെ വൈകിയാണ്. 36ൽപരം ഇനങ്ങളിലായി 250ൽപരം കലാകാരികളാണ് തങ്ങളുടെ കഴിവുകൾ വേദിയിയിൽ അവതരിപ്പിച്ചത്. പതിവ് അവതരണ ശൈലികൾ വിട്ട് വീട്ടമ്മമാർ തങ്ങളുടേതായ രീതികൾ അവലംബിച്ചതോടെ പ്രകടനങ്ങൾ പലതും വ്യത്യസ്തത തീർത്തു. ആസ്വാദകരുടെ നിറഞ്ഞ സദസിലാണ് ഇന്നലെ മത്സരങ്ങൾ നടന്നത്. പങ്കാളിത്തത്തിലും മികവിലും കലോത്സവം ഇതോടെ ശ്രദ്ധേയമായി.
മറയൂരാട്ടം അവതരിപ്പിച്ച് ഇരവിപേരൂരിലെ കുടുംബശ്രീ
ഇരവിപേരൂരിലെ കുടുംബശ്രീ അംഗങ്ങളായ വീട്ടമ്മമാർ കലോത്സവ വേദിയിലും വ്യത്യസ്തത തീർത്തു. മൺമറഞ്ഞു പോകുന്ന കലാരൂപങ്ങൾ കണ്ടെത്തി പുതുതലമുറയ്ക്കു മുന്നിൽ അവതരിപ്പിക്കാനുള്ള അവരുടെ ശ്രമത്തിന്റെ പൂർത്തീകരണം കൂടിയായി ഇത്. വടക്കൻ കേരളത്തിലെ നൃത്തകലാരൂപമായിരുന്ന മറയൂരാട്ടം പത്തനംതിട്ടയിലെ വേദിയിൽ അവതരിപ്പിച്ച് ഇരവിപേരൂരുകാർ കൈയടി വാങ്ങി. എട്ടു പേരടങ്ങുന്ന നൃത്താവതരണമാണ് ജില്ലാതല കുടുംബശ്രീ കലോത്സവത്തിൽ അവതരിപ്പിച്ചത്.
ഷൈമോൾ, ലീല ഗോപാലൻ, രേഖ, സുനിത, സിന്ധു, രജനി, ഗീത അജികുമാർ, സുധ എന്നിവരടങ്ങുന്ന സംഘമാണ് മറയൂരാട്ടവുമായി വേദിയിലെത്തിയത്. മത്സരം ഇല്ലാതിരുന്നുവെങ്കിലും ഇവർക്ക് അവതരണാനുമതി ലഭിച്ചു. ഇരവിപേരൂർ പഞ്ചായത്തിന്റെ കീഴിൽ വരുന്ന ദീപം, മഹിമ, അക്ഷയ, ധനലക്ഷ്മി, കീർത്തി എന്നീ കുടുംബശ്രീ അംഗങ്ങൾ ചേർന്നാണ് സ്വന്തംനിലയിൽ മറയൂരാട്ടം പഠിച്ചത്. 45നും 50നും മധ്യേ പ്രായമുള്ളവരാണ് സംഘത്തിൽ ഉള്ളത്.
മറയൂരാട്ടത്തോടൊപ്പം "അലാമി കളി' എന്ന കലാരൂപവും കുടുംബശ്രീക്കാർ പഠിച്ച് അവതരിപ്പിച്ചു. ജില്ലാ കലോത്സവത്തിൽ ഒരോ സംഘം മാത്രമാണ് ഈ രണ്ട് അനുഷ്ഠാന കലകളും അവതരിപ്പിക്കാൻ തയാറായത്.