നന്ദനയുടെ എ പ്ലസുകൾക്ക് തിളക്കമേറേ
1297513
Friday, May 26, 2023 10:52 PM IST
പന്തളം: ഭിന്നശേഷിക്കാരിയായ നന്ദന നേടിയ പ്ലസ്ടു വിജയത്തിനു തിളക്കമേറെ. ജന്മനാ വലതു കൈ ഇല്ല, രണ്ടു കാലുകൾക്കും സ്വാധീനക്കുറവ്. പരാശ്രയമില്ലാതെ നടക്കാനാകില്ല. പരിമിതികളെ തോല്പിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഹയർ സെക്കൻഡറി പരീക്ഷയിൽ നന്ദന തിളങ്ങി.
തട്ടയിൽ എൻഎസ്എസ്എച്ച്എസ്എസിൽ നിന്ന് ഹ്യുമാനിറ്റീസിലാണ് നന്ദന നേട്ടമുണ്ടാക്കിയത്. തട്ടയിൽ പാറക്കര കൃഷ്ണഭവനത്തിൽ അനന്തകൃഷ്ണന്റെയും മായയുടെയും ഏകമകളാണ്. ഇടതുകൈ കൊണ്ടാണ് പരീക്ഷയെഴുതിയത്. എസ്എസ്എൽസിക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കുട്ടിക്കാലത്ത് മാതാപിതാക്കൾ എടുത്തുകൊണ്ടാണ് നന്ദനയെ ക്ലാസിലെത്തിച്ചിരുന്നത്. ഇപ്പോൾ ഓട്ടോറിക്ഷയിലാണ് യാത്ര. പൊളിറ്റിക്സ് ഐച്ഛിക വിഷയമായെടുത്ത് ബിരുദം നേടിയശേഷം സിവിൽ സർവീസിനുള്ള ശ്രമമാണ് നന്ദനയുടെ ലക്ഷ്യം. ചിത്രരചനയിലും പ്രാവീണ്യമുള്ള നന്ദന പുസ്തക വായനയിലൂടെ പരമാവധി അറിവുകൾ നേടണമെന്ന ആഗ്രഹക്കാരിയുമാണ്.