നഗരത്തിലെ റോഡുകൾ നന്നാക്കുന്നില്ല; ജല അഥോറിറ്റിക്കെതിരേ കൗൺസിലർമാർ
1297302
Thursday, May 25, 2023 11:13 PM IST
പത്തനംതിട്ട: നഗരം മുഴുവൻ വെട്ടിമുറിച്ച് കുണ്ടും കുഴിയുമാക്കിയിട്ട് പൂർവസ്ഥിതിയിലാക്കാതെ അലംഭാവം തുടരുന്ന ജല അഥോറിറ്റി കരാറുകാരനും ഉദ്യോഗസ്ഥർക്കുമെതിരേ രൂക്ഷ വിമർശനവുമായി നഗരസഭ കൗൺസിലർമാർ. ജനപ്രതിനിധികളുടെയും ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് വിമർശനങ്ങളുയർന്നത്.
ജല വിതരണം നടത്തുന്നതിൽ കഴിഞ്ഞ മൂന്നുമാസമായി ജല അഥോറിറ്റി കൃത്യവിലോപം കാട്ടുന്നതായി യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ. ജാസിംകുട്ടി ആരോപിച്ചു. നഗരസഭ മുൻ കൈയെടുത്ത് ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചതുകൊണ്ടു മാത്രമാണ് ഒരു പരിധിവരെ പിടിച്ചുനിന്നതെന്നും കൗൺസിലർമാർ പറഞ്ഞു.
നഗരത്തിലെ കുഴികൾ മൂടുന്നതിനും അനുബന്ധ പ്രവർത്തികളും ഉടൻ പരിഹരിക്കുമെന്ന് ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ പ്രദീപ് ചന്ദ്ര പറഞ്ഞു. പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ സമയബന്ധിതമായി പൂർത്തീകരിച്ച് ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്.
ജല അഥോറിറ്റി ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്ക് നഗരസഭ പാപഭാരം ഏൽക്കേണ്ട അവസ്ഥയാണെന്ന് നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി, റോഷൻ നായർ, സി.കെ. അർജുനൻ, സിന്ധു അനിൽ, ആനി സജി, റോസ്ലിൻ സന്തോഷ്, മേഴ്സി വർഗീസ്, ആൻസി തോമസ്, ആർ. സാബു, ജെറി അലക്സ്, അനില അനിൽ, ഇന്ദിരാമണിയമ്മ എന്നിവർ പ്രസംഗിച്ചു.