വളർത്തു മൃഗങ്ങളിലും സൂര്യാഘാത മുന്നറിയിപ്പ്
1280261
Thursday, March 23, 2023 10:51 PM IST
പത്തനംതിട്ട: വെയില് ഏല്ക്കുന്ന വിധത്തില്‍ തുറസായ ഇടങ്ങളില്‍ കെട്ടിയിടുന്ന കന്നുകാലികള്‍ക്ക് സൂര്യതപമേല്‍ക്കാന്‍ സാധ്യതയേറെയായതിനാല് രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള സമയങ്ങില്‍ കന്നുകാലികളെ തൊഴുത്തിലോ തണലുള്ള ഇടങ്ങളിലോ മാത്രമേ കെട്ടിയിടാവൂവെന്നു മൃഗസംരക്ഷണവകുപ്പ്.
വലിയ വളര്‍ത്തുമൃഗങ്ങള്‍ക്കു നിര്‍ബാധം കുടിക്കുന്നതിനുള്ള ശുദ്ധജലം ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും പകൽ പച്ചപ്പുല്ലും കാലിത്തീറ്റ രാവിലെയും വൈകുന്നേരവും വൈക്കോൽ രാത്രിയിലുമായി ക്രമീകരിക്കുകയും വേണമെന്നും നിർദേശമുണ്ട്.
ധാതുലവണ മിശ്രിതം, അപ്പക്കാരം വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരുക, വായ തുറന്ന ശ്വസനം, പൊളളിയ പാടുകള്‍ എന്നിങ്ങനെ സൂര്യതാപത്തിന്റെയോ സൂര്യാഘാതത്തിന്റെയോ ലക്ഷണങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാലുടന്‍ വിദഗ്ധ ചികിത്സ തേടണം. കന്നുകാലികള്‍ക്കു സൂര്യതപമേറ്റെന്നു വ്യക്തമായാല്‍ വെള്ളം നനച്ചു നന്നായി തുടയ്ക്കണം. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണം. തുടര്‍ന്നു കഴിയുന്നത്ര വേഗത്തില്‍ മൃഗാശുപത്രിയില്‍ ചികിത്സ ലഭ്യമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
വളർത്തു നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍ തുടങ്ങിയവയ്ക്കു ശുദ്ധമായ കുടിവെള്ളവും പ്രോബയോട്ടിക്സും നല്‍കണം.