പത്തനംതിട്ട നഗരത്തിന് പരിസ്ഥിതി ആഘാതം
1279089
Sunday, March 19, 2023 10:23 PM IST
പത്തനംതിട്ട: നഗരസഭ ഒന്നാംവാർഡിൽ തോന്ന്യാമല, തോണിക്കുഴി പ്രദേശങ്ങളോടു ചേർന്ന പട്ടംതറ ഭാഗത്ത് പ്രദേശവാസികളുടെ എതിർപ്പു മറികടന്ന് വൻകിട കന്പനികൾക്ക് മണ്ണെടുക്കാൻ അനുമതി നൽകിയത് വിവാദത്തിൽ. ലോഡ് കണക്കിന് മണ്ണ് നാട്ടുകാരുടെ എതിർപ്പ് മറികടന്നു കടത്തിക്കൊണ്ടുപോകുന്നതായാണ് പരാതി. എതിർക്കുന്നവർക്കുനേരെ ഭീഷണിയും ആക്രമണവും ഉണ്ടാകുന്നു.
പത്തനംതിട്ട വില്ലേജിലെ സർവേ നന്പർ 58/ 1. 25, 58/ 1- 9 ഉൾപ്പെട്ട 80 ആർ വസ്തുവിൽനിന്നു മണ്ണ് മാറ്റുന്നതിലേക്ക് എക്സ്പ്രസ് ഹൈവേ ലിമിറ്റഡ് കന്പനിയുടെ പേരിൽ സ്വകാര്യവ്യക്തി വാങ്ങിയ അനുമതിയുടെ മറവിലാണ് വൻതോതിൽ മണ്ണ് കടത്തുന്നതെന്നു പറയുന്നു. ദേശീയപാത വികസനത്തിനടക്കം മണ്ണെടുക്കാൻ വേണ്ടിയാണ് ജിയോളജി വകുപ്പിൽനിന്നടക്കമുള്ള അനുമതി വാങ്ങിയിരിക്കുന്നത്. അനുമതിയുടെ മറവിൽ രാപകലില്ലാതെ ടോറസ് ലോറിയിൽ മണ്ണ് കയറ്റി പടിഞ്ഞാറൻ മേഖലയിലേക്കു പായുകയാണ്. ഇതിനെതിരേ പരാതികളുണ്ടായിട്ടും നടപടികളെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകുന്നില്ല.
ജില്ലാ സ്പോർട്സ് കൗൺസിൽ
പ്രസിഡന്റിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം
മണ്ണു മാഫിയയ്ക്കെതിരേ പരാതിപ്പെട്ടതിന്റെ പേരിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകമാറിനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി പരാതി. അനിൽ കുമാറിന്റെ ഭാര്യയും പത്തനംതിട്ട നഗരസഭ കൗൺസിലറുമായി അനില അനിൽ കുമാർ വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചിരുന്നു. സിപിഎം നേതാവുകൂടിയായ അനിൽകുമാർ മണ്ണെടുപ്പിനെതിരേ രംഗത്തുവരികയും പരാതികൾ നൽകുകയും ചെയ്തതാണ്. ഇതേത്തുടർന്നാണ് കഴിഞ്ഞദിവസം വെട്ടിപ്പുറം മോടിപ്പടിയിൽ മണ്ണുമായി വന്ന ടോറസ് ലോറി അനിൽ കുമാർ സഞ്ചരിച്ച വാഹനത്തെ ഇടിക്കാൻ ശ്രമിച്ചതെന്ന് പറയുന്നു. അനിൽ സഞ്ചരിച്ച കാർ വെട്ടിച്ചുമാറ്റിയാണ് രക്ഷപെട്ടത്. ഇതു സംബന്ധിച്ച് പത്തനംതിട്ട ഡിവൈഎസ്പിക്കു പരാതി നൽകിയതായി അനിൽ പറഞ്ഞു.
വ്യവസ്ഥകൾ
മറികടന്നും ഖനനം
മണ്ണെടുപ്പിന് ജിയോളജി വകുപ്പ് നൽകിയ അനുമതിക്കൊപ്പമുള്ള വ്യവസ്ഥകൾ മറികടന്നാണ് ഖനനം നടക്കുന്നതെന്നാണ് ആക്ഷേപം. ലോഡ് കണക്കിനു മണ്ണെടുക്കുന്നതുമൂലം ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതം പ്രദേശത്തു നേരിടേണ്ടിവരുന്നുണ്ട്. സ്കൂൾ, പൊതുസ്ഥാപനങ്ങൾ എന്നിവയോടു ചേർന്നാണ് മണ്ണെടുപ്പു നടക്കുന്ന പ്രദേശം.
അനധികൃതമായ മണ്ണെടുപ്പ് ഇവയുടെ നിലനില്പനു തന്നെ ഭീഷണിയാണ്. മണ്ണു മാറ്റുന്നതുമൂലം പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാനിടയാകും. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളാണിത്. ഇതോടൊപ്പം കൃഷിക്കും ഭീഷണിയാകുന്ന തരത്തിലാണ് മണ്ണുനീക്കം.
പരിസ്ഥിതിലോല മേഖലയിൽ പാറ ഖനനത്തിന് അനുമതിയെന്ന്
പത്തനംതിട്ട: ഗാഡ്ഗിൽ, കസ്തൂരിരംഗൻ ഉൾപ്പെടെ വിവിധ റിപ്പോർട്ടുകളിൽ അതീവ പരിസ്ഥിതി ലോലമെന്നും ബഫർ സോണിൽ ഉൾപ്പെടുന്നതുമായ പ്രദേശത്ത് പാറ ഖനനത്തിന് അനുമതി.
കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം 2013 നവംബർ 16ലെ ഉത്തരവിലൂടെ പാറഖനനം തടഞ്ഞിട്ടുള്ള പെരുനാട് വില്ലേജിലാണ് വ്യാവസായികാടിസ്ഥാനത്തിൽ പുതിയ ഖനനാനുമതി നൽകിയിരിക്കുന്നത്. ജലസേചന, ജലവിതരണ, വൈദ്യുത ഉത്പാദന മേഖലയിൽ പന്പാനദിയും കക്കാട്ടാറും ഒഴുകുന്ന പ്രദേശത്ത് പാറഖനനത്തിനുള്ള അനുമതി ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എൻഎപിഎം ദേശീയ കൺവീനർ സി.ആർ. നീലകണ്ഠൻ കുറ്റപ്പെടുത്തി.