ചുങ്കപ്പാറ ഐക്യക്രിസ്തീയ കൺവൻഷൻ നാളെ മുതൽ
1262754
Saturday, January 28, 2023 10:27 PM IST
ചുങ്കപ്പാറ: കോട്ടാങ്ങൽ, ചുങ്കപ്പാറ, പെരുന്പെട്ടി, കുളത്തൂർ പ്രദേശങ്ങളിലെ എപ്പിസ്കോപ്പൽ സഭകളുടെ നേതൃത്വത്തിലുള്ള പതിനാലാമത് ഐക്യ ക്രിസ്തീയ കൺവൻഷൻ നാളെ മുതൽ ഫെബ്രുവരി നാലുവരെ ചുങ്കപ്പാറ ക്രിസ്തുരാജ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
നാളെ വൈകുന്നേരം 6.30ന് ഗാനശുശ്രൂഷയോടെ കൺവൻഷൻ ആരംഭിക്കും. ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഫാ. സഖറിയ തോമസ് പുതുപ്പള്ളി വചനശുശ്രൂഷ നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി ഏഴിന് വചനശുശ്രൂഷയ്ക്ക് ഫാ. ഏബ്രഹാം മേപ്പുറത്ത്, റവ. ഷിബിൻ വർഗീസ്, ഫാ. എഡ്വിൻ കടവന്ത്ര, റവ.ഡോ. വി.എം. മാത്യു, ഫാ. സിറിയക് കോട്ടയിൽ എന്നിവർ നേതൃത്വം നൽകും.
കൺവൻഷന്റെ വാഹനവിളംബര റാലി ഇന്നു വൈകുന്നേരം നാലിന് കുളത്തൂർ ലിറ്റിൽ ഫ്ളവർ പള്ളിയിൽ നിന്നാരംഭിക്കും.