പുതുമ മാറിയില്ല, ചോർച്ച തുടങ്ങി! അന്വേഷണം പ്രഖ്യാപിച്ചു കെഎസ്ആർടിസി
1245457
Saturday, December 3, 2022 11:30 PM IST
പത്തനംതിട്ട: സമീപകാലത്തു നിർമാണം പൂർത്തീകരിച്ച പത്തനംതിട്ട കെഎസ്ആർടിസി ബസ് ടെർമിനലിൽ സർവത്ര കുഴപ്പം. ഡ്രെയിനേജ് സംവിധാനത്തിലെ തകരാറു മൂലം അകം ചോരുന്പോൾ പുറത്തു വെള്ളക്കെട്ടും സെപ്റ്റിക് ടാങ്കിൽനിന്നുള്ള വെള്ളമൊഴുക്കും. ഡ്രെയിനേജ് നിർമാണത്തിലെ പിഴവുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നതെങ്കിലും നിർമാണത്തിലെ പാളിച്ചകൾ മൊത്തത്തിൽ അന്വേഷണവിധേയമാക്കേണ്ട അവസ്ഥയാണ്.
വാടകക്കാരില്ല
ഏറെ നാളുകളുടെ കാത്തിരിപ്പിനു ശേഷം ആറു മാസം മുന്പാണ് പത്തനംതിട്ടയിൽ കെഎസ്ആർടിസി ടെർമിനൽ പ്രവർത്തന സജ്ജമായത്.
കെട്ടിടം നിർമാണം പല ഘട്ടങ്ങളിലായി ഏഴു വർഷത്തോളമെടുത്താണ് പൂർത്തീകരിച്ചത്. കെഎസ്ആർടിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു പണികൾ. ടെർമിനലിൽനിന്നു ബസുകൾ ഓപ്പറേറ്റ് ചെയ്തു തുടങ്ങിയെങ്കിലും കെട്ടിടം വാടകയ്ക്കു നൽകാനായിട്ടില്ല. ഇതിനിടെയിലാണ് ചോർച്ചയും പ്രതിസന്ധിയും ഉണ്ടായത്.
യാർഡ് അപൂർണം
നിലവിലെ യാർഡ് തന്നെ പൂർണമായി യാത്രക്കാർക്കും ഉപയോഗപ്രദമാകുന്നില്ല. ഒരു ഭാഗത്തു മാത്രമാണ് യാത്രക്കാരെ കയറ്റാനായി ബസുകൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം യാത്രക്കാർക്കു സ്ഥലസൗകര്യം അടക്കമുള്ള പ്രശ്നങ്ങളുണ്ട്. വെയിലുള്ളപ്പോൾ അതിന്റെ കാഠിന്യവും മഴ പെയ്യുന്പോൾ വെള്ളത്തിന്റെ പ്രശ്നങ്ങളും ബസ് കാത്തിരിക്കുന്നവർക്കുണ്ട്. ഗാരേജിലേക്കും വെള്ളം ഒഴുകിയെത്തുന്നതു ജീവനക്കാരുടെ ജോലിയെയും സാരമായി ബാധിച്ചിട്ടുണ്ട്. മലിനജലം ഉൾപ്പെടെ വറ്റിച്ച ശേഷമാണ് പലപ്പോഴും ജോലികൾ നടത്തുന്നത്.