ചണ്ണപ്പേട്ട ഇനി ഹരിതഗ്രാമം
1536110
Monday, March 24, 2025 6:43 AM IST
അഞ്ചല്‍ : അലയമണ്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ചണ്ണപ്പേട്ട ഇനി ഹരിത ഗ്രാമം വര്ഡാകും. ചണ്ണപ്പേട്ട ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ജയശ്രീയാണ് വാര്‍ഡിനെ സമ്പൂര്‍ണ മാലിന്യ മുക്ത വാര്‍ഡായി പ്രഖ്യാപിച്ചത്.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണ് എന്ന ബോധം നമുക്ക് ഉണ്ടാകണം എന്നും വലിയ ഉദ്യമത്തിന് മുഴുവന്‍ ആളുകളുടെയും സഹകരണം ഉണ്ടാകണമെന്നും എം. ജയശ്രീ പറഞ്ഞു. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് അലയമണ്‍ പഞ്ചായത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. പാതയോരങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയതിരിക്കുന്നതിനായി പ്രധാന കവലകളില്‍ എല്ലാം ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
ചണ്ണപ്പേട്ട വാര്‍ഡില്‍ ജംഗ്ഷന് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചെടികള്‍ സ്ഥാപിച്ചു. വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനായി ബക്കറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
പൊതു ഇടങ്ങളില്‍ ഉള്‍പ്പടെ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകും. വ്യാപരി വ്യവസായി പ്രതിനിധികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാ, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പടെ സഹകരിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
വാര്‍ഡ് അംഗം ബിനു.സി.ചാക്കോ വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷ മിനി ദാനിയേല്‍, പഞ്ചായത്ത് അംഗം ജേക്കബ് മാത്യു, ചാക്കോച്ചന് പച്ചയില്‍, ശോഭനേന്ദ്രന്, കാവ്യ, വത്സല എന്നിവര്‍ പ്രസംഗിച്ചു. മാലിന്യമുക്ത പ്രതിജ്ഞയെടുത്താണ് യോഗം അവസാനിച്ചത്.