ബോംബ് ഭീഷണി : കൊല്ലം കളക്ടറേറ്റിൽ സുരക്ഷ ശക്തമാക്കും
1536088
Monday, March 24, 2025 6:24 AM IST
കൊല്ലം: ബോംബ് ഭീഷണി വന്നതിനെ തുടർന്ന് ജില്ലാ കളക്്ടറേറ്റിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ തീരുമാനം. പ്രവർത്തി ദിവസങ്ങളിൽ കളക്ടറേറ്റിലെ സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. അവധി ദിവസങ്ങളിലും കളക്ടറേറ്റും പരിസരവും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. പൊതുജനങ്ങൾക്ക് തടസം ഉണ്ടാകാത്ത രീതിയിൽ മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടറേറ്റിലേക്ക് ബോംബ് ഭീഷണി വന്നത് അധികൃതർ അറിയാൻ മണിക്കൂറുകൾ വൈകി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ ഭരണസിര കേന്ദ്രമായ കളക്ടറേറ്റിൽ കൂടുതൽ സുരക്ഷ ഒരുക്കാൻ പോലീസ് തീരുമാനിച്ചത്. വെസ്റ്റ് പോലീസ് സ്റ്റേഷന് വളരെ അടുത്താണ് കളക്ടറേറ്റ് സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട കളക്ടറേറ്റുകളിലേക്ക് ബോംബ് ഭീഷണി വന്ന ചൊവ്വ പുലർച്ചെ തന്നെയാണ് കൊല്ലം കളക്ടറേറ്റിലും ഇ.മെയിൽ വഴി ഭീഷണി എത്തിയത്. എന്നാൽ ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പട്ടത് വൈകുന്നേരം ആറോടെയാണ്. ഉടൻ വിവരം പോലീസിൽ അറിയിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അടക്കം കളക്ടറേറ്റ് പരിസരം പൂർണമായും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അടുത്ത ദിവസം രാവിലെയും സമാനമായ രീതിയിൽ പരിശോധനകൾ തുടർന്നു.
തന്ത്ര പ്രധാനമായ ഒട്ടനവധി സർക്കാർ ഓഫീസുകളും ജില്ലാ കോടതിയും അടക്കം പ്രവർത്തിക്കുന്നത് കളക്ടറേറ്റിന് ഉള്ളിലാണ്. ജീവനക്കാർ അടക്കം ആയിരക്കണക്കിന് ആൾക്കാർ പ്രതിദിനം ഇവിടെ വന്നു പോകുന്നുണ്ട്.
എന്നിട്ടും കാര്യമായ സുരക്ഷാ ഏർപ്പാടുകൾ ഒന്നും സിവിൽ സ്റ്റേഷൻ പരിസരത്ത് ഇല്ല എന്നതാണ് യാഥാർഥ്യം.
വർഷങ്ങൾക്ക് മുന്പ് സ്ഫോടനം നടന്നിട്ടും ജാഗ്രതക്കുറവ്
കൊല്ലം: നേരത്തേ ബോംബ് സ്ഫോടനം നടന്ന സ്ഥലമാണ് കൊല്ലം കളക്ടറേറ്റ് പരിസരം. 2016 ജൂണിൽ ആയിരുന്നു സംഭവം. തീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ പ്രവർത്തകരാണ് സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയുമുണ്ടായി. മാത്രമല്ല വിചാരണ നടത്തി ഇവരെ ശിക്ഷിക്കുകയും ചെയ്തു.
എന്നാൽ തുടർന്ന് അധികൃതരുടെ ഭാഗത്ത് കാര്യമായ സുരക്ഷാ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ദിവസവും രാവിലെ ബോംബ് സ്ക്വാഡിന്റെ പരിശോധനകൾ ഇപ്പോഴും നടക്കുന്നുണ്ട്. ഒടുവിൽ ഭീഷണി വന്ന ദിവസവും ഈ പരിശോധന തുടർന്നു. അതുകൊണ്ട് കാര്യമായ പ്രയോജനം ഇല്ലന്നാണ് ജീവനക്കാരും കോടതികളിലും ഓഫീസുകളിലും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ അടക്കമുള്ളവർ പറയുന്നത്. നിലവിൽ കാര്യമായ ഒരു പരിശോധനയും കളക്ടറേറ്റ് പരിസരത്ത് നടക്കുന്നില്ല.
സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ പോലീസ് പരിശോധിക്കണം. മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സംവിധാനങ്ങളും പ്രധാന കവാടങ്ങളിൽ ഏർപ്പെടുത്തണം. പോലീസ് പിക്കറ്റ് ഏർപ്പെടുത്തി പട്രോളിംഗും ശക്തമാക്കണം.
ഇപ്പോഴത്തേ പശ്ചാത്തലത്തിൽ സിവിൽ സ്റ്റേഷന് ഉള്ളിലും പരിസരത്തും കൂടുതൽ പോലീസിനെ നിയോഗിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകി കഴിഞ്ഞു. കളക്ടറേറ്റ് പരിസരത്തെ പ്രധാന ഓഫീസുകളിൽ അടക്കം കൂടുതൽ സിസിടിവി കാമറകൾ അടക്കം സ്ഥാപിക്കുന്നതും അധികൃതരുടെ പരിഗണനയിലാണ്.
ബോംബ് ഭീഷണി വന്ന സന്ദേശം പൂർണമായി വായിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി കഴിഞ്ഞു. കോടതികളുടെ പരിസരത്തും കൂടുതൽ സുരക്ഷ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജുഡീഷൽ ഓഫീസർമാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പോലും ഒരു സുരക്ഷാ സംവിധാനവും നിലവിലില്ല. ഇവിടെയും പോലീസ് നിരീക്ഷണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.