വിജിലന്‍സ് കോടതി കൊട്ടാരക്കരയിലേക്ക് മാറ്റാനുള്ള തീരുമാനം; തുടർ നടപടി നിർത്തിവച്ചു
1458302
Wednesday, October 2, 2024 6:11 AM IST
കൊട്ടാരക്കര: മുനിസിപ്പാലിറ്റിയിലകൊല്ലത്തെ വിജിലന്‍സ് കോടതി കൊട്ടാരക്കര മുനിസിപ്പാലിറ്റിയില്‍ പോസ്കോ ഫാസ്റ്റ് ട്രാക്ക് കോടതി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്കിയ ഉത്തരവിന്മേലുളള തുടര്‍ നടപടികള്‍ നിര്ത്തിവച്ചിട്ടുളളതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. വിജിലന്‍സ് കോടതി കൊല്ലത്താണ് അനുവദിച്ചത്. എന്നാല്‍ ആദ്യ തീരുമാനത്തിന് വിരുദ്ധമായി കൊട്ടാരക്കര പ്രവര്‍ത്തിപ്പിക്കുന്നതിന് ഉത്തരവാകുകയായിരുന്നു.
വിജിലന്‍സ് കേസ് സര്‍ക്കാരിന് വേണ്ടി നടത്തേണ്ട സംവിധാനങ്ങള്‍ പൂര്‍ണമായും കൊല്ലത്ത് നിലനില്ക്കുമ്പോള് കോടതി കൊട്ടാരക്കരയിലേയ്ക്ക് മാറ്റിയാല്‍ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്ന സമയനഷ്ടവും കേസുമായി ബന്ധപ്പെട്ട് സാക്ഷികള്‍ക്കും കക്ഷികള്‍ക്കും കോടതിയില്‍ എത്തിചേരുന്നതിനുളള ബുദ്ധിമുട്ടും കണക്കിലെടുത്ത് കോടതി കൊട്ടാരക്കരയിലേയ്ക്ക് മാറ്റുന്നതിനുളള ഉത്തരവ് പുനപരിശോധിക്കണമെന്നും കോടതി കൊല്ലത്ത് തന്നെ ആരംഭിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്‍.കെ. പ്രേമചന്ദ്രന് എംപി യുടെ കൂടി ആവശ്യം പരിഗണിച്ച് കോടതി കൊട്ടാരക്കര പ്രവര്‍ത്തിപ്പിക്കുന്നതിനുളള ഉത്തരവിന്മേലുളള തുടര്‍ നടപടികള്‍ നിര്ത്തിവച്ചിട്ടുളളതായും ഉത്തരവ് ഭേദഗതി ചെയ്യുന്നത് പരിശോധിച്ചു വരികയാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി അഡീഷണല്‍ സെക്രട്ടറി ടി.മിനിമോള്‍ രേഖാമൂലം നല്കിയ മറുപടിയില്‍ അറിയിച്ചിട്ടുണ്ട്.
കൊല്ലത്ത് അനുവദിച്ച വിജിലന്‍സ് കോടതിയുടെ പ്രവര്‍ത്തനം സര്‍ക്കാരിനും കേസ് നടത്തിപ്പിന് ഉത്തരവാദിത്വമുളള വകുപ്പിനും സാക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും ഒരു പോലെ സൗകര്യപ്രദമായ സ്ഥലത്ത് കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിപ്പിക്കുവാനുളള സത്വര നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.