തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം: ജില്ലയിലെ പഞ്ചായത്തുകളിൽ 80 വാർഡുകൾ കൂടി
1451905
Monday, September 9, 2024 6:41 AM IST
കൊല്ലം: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം പൂർത്തിയാകുന്നതോടെ ജില്ലയിൽ വർധിക്കുന്നത് 80 പഞ്ചായത്ത് വാർഡും 14 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും.
ത്രിതല പഞ്ചായത്ത് വാർഡുകളുടെ എണ്ണം വർധിപ്പിച്ച് തദ്ദേശ വകുപ്പിന്റെ വിജ്ഞാപനം ശനിയാഴ്ച ഡയറക്ടർ ദിനേശൻ ചെറുവാട്ടാണ് പുറത്തിറക്കിയത്.
പഞ്ചായത്ത് വാർഡുകളിൽ വർധിച്ച 80 -ൽ 35 വാർഡുകൾ സ്ത്രീസംവരണം ആയിരിക്കും. ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിൽ അഞ്ചെണ്ണവും ജില്ലാ പഞ്ചായത്തിൽ വർധിക്കുന്ന ഡിവിഷനും സ്ത്രീ സംവരണം ആയിരിക്കും. ജില്ലയിലെ 68 പഞ്ചായത്തുകളാണുള്ളത്. ഇതിൽ 65 പഞ്ചായത്തുകളിലാണ് പുതിയതായി 80 വാർഡുകൾ വരുന്നത്.
ജനസംഖ്യാനുപാതികമായി വലിയ പഞ്ചായത്തുകളിൽ രണ്ടുവീതവും ചെറിയ പഞ്ചായത്തുകളിൽ ഒന്നു വീതവും വാർഡുകൾ വർധിച്ചു. 16വീതം വാർഡുള്ള കുണ്ടറ, ആലപ്പാട്, 21 വാർഡുള്ള പിറവന്തൂർ എന്നീ പഞ്ചായത്തുകളിലാണ് പുതിയ വാർഡുകൾ ഇല്ലാത്തത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 152 ഡിവിഷനുകൾ പുനർവിഭിജിച്ച് 166 ഡിവിഷനുകളായി. 17 ഡിവിഷനുള്ള മുഖത്തല, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളിലാണ് കൂടുതൽ ഡിവിഷനുകൾ ഉള്ളത്. പുനർവിഭജനത്തോടെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 27 ആകും.
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ ഓച്ചിറയിലെ 16 ഡിവിഷനുകളിൽ സ്ത്രീകൾക്ക്(പട്ടികജാതികളിലോ പട്ടിക വർഗങ്ങളിലോ പെടുന്ന സ്ത്രീകൾ ഉൾപ്പെടെ ) സംവരണം ചെയ്യേണ്ട വാർഡുകൾ എട്ടും പട്ടിക ജാതിക്കാർക്ക് സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം (പട്ടിക ജാതിയിൽപ്പെടുന്ന സ്ത്രീകൾ ഉൾപ്പെടെ) ഒന്നും ആണ്.
ശാസ്താംകോട്ടയിലെ 15 ഡിവിഷനുകളിൽ സ്ത്രീകൾക്ക് (പട്ടികജാതിയിലോ പട്ടിക വർഗത്തിലോ ഉൾപ്പെടെ ) സംവരണം ചെയ്യേണ്ട വാർഡുകൾ എട്ടും പട്ടിക ജാതിക്കാർക്ക് സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം (പട്ടിക ജാതി സ്ത്രീകൾ ഉൾപ്പെടെ) മൂന്നും സ്ത്രീകൾക്ക് സംവരണം രണ്ടും ആണ്.
വെട്ടിക്കവലയിലെ 15 ഡിവിഷനിൽ സ്ത്രീകൾക്ക്(പട്ടിക ജാതിയിലോ പട്ടിക വർഗങ്ങളിലോ ഉൾപ്പെടെ ) സംവരണം ചെയ്യേണ്ട വാർഡുകൾ എട്ടും പട്ടിക ജാതിക്കാർക്ക് സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം (പട്ടിക ജാതിയിൽപ്പെടുന്ന സ്ത്രീകൾ ഉൾപ്പെടെ) രണ്ടും പത്തനാപുരത്തെ 14 ഡിവിഷനിലെ വനിതാ സംവരണം (പട്ടികജാതി സംവരണം) ഏഴും പട്ടികജാതി വനിതാ സംവരണം രണ്ടും പട്ടിക വർഗത്തിന് ഒന്നും അഞ്ചലിലെ 16 ഡിവിഷനുകളിൽ എട്ട് വനിതാ സംവരണവും രണ്ട് പട്ടികജാതി സ്ത്രീകൾ ഉൾപ്പെടെ രണ്ടും ഒന്ന് പട്ടിക വർഗവും ആണ്.
കൊട്ടാരക്കരയിലെ 14 ഡിവിഷനുകളിൽ ഏഴ് വനിതാ സംവരണവും (പട്ടികജാതി സ്ത്രീ ഉൾപ്പെടെ) രണ്ടും ഒരെണ്ണം പട്ടിക വർഗവുമാണ്. ചിറ്റുമലയിലെ 14 ഡിവിഷനുകളിൽ ഏഴെണ്ണം വനിതാ സംവരണം. രണ്ട് പട്ടിക ജാതി സ്ത്രീകൾ ഒരെണ്ണം പട്ടികവർഗവും ആണ്.
ചവറയിലെ 14 ഡിവിഷനുകളിൽ ഏഴെണ്ണം വനിതാ സംവരണവും ഒരെണ്ണം പട്ടിക ജാതി സംവരണവും ആണ്. മുഖത്തലയിലെ 17 ഡിവിഷനുകളിൽ ഒന്പത് വനിതാ സംവരണവും രണ്ട് പട്ടിക ജാതിയും ഒരെണ്ണം പട്ടിക വർഗവുമാണ്.
ഇത്തിക്കരയിലെ 14 ഡിവിഷനുകളിൽ ഏഴ് വനിതാ സംവരണവും രണ്ട് പട്ടികജാതിയും ഒരെണ്ണം പട്ടിക വർഗവുമാണ്. ചടയമംഗലത്ത് 17 ഡിവിഷനുകളിൽ ഒന്പത് വനിതാസംവരണവും രണ്ട് പട്ടിക ജാതിയും ഒരെണ്ണം പട്ടിക വർഗവുമാണ്.