നായർ സമുദായത്തിലെ തെറ്റുകൾ തിരുത്തിയത് മന്നം: മന്ത്രി ഗണേശ് കുമാർ
1423852
Monday, May 20, 2024 11:59 PM IST
ചാത്തന്നൂർ: നായർ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളെ എതിർത്തതും തെറ്റുകൾ തിരുത്തിയതും സമുദായത്തെ പുതിയ ദിശയിലേയ്ക്ക് നയിച്ചതും സമുദായാചാര്യൻ മന്നത്ത് പത്മനാഭനാണെന്ന് മന്ത്രി കെ. ബി. ഗണേശ് കുമാർ. ചിറക്കര ത്താഴം ഗുരുനാഗപ്പ വിലാസം എൻ എസ് എസ് കരയോഗത്തിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻഎസ്എസ് രുപീകരിച്ചത് കൊണ്ട് അകത്തളങ്ങളിൽ നിന്നും സ്ത്രീകളെ രംഗത്തിറക്കാനും അവരുടെ കർമശേഷി പരിപോഷിപ്പിക്കാനും കഴിഞ്ഞു.
നായന്മാരും നമ്പൂതിരിമാരും ചേർന്ന് നിർമിച്ചതാണ് ഇന്ന് കേരളത്തിലുള്ള മഹാക്ഷേത്രങ്ങൾ എല്ലാം. ആത്മീയമായ അറിവുണ്ടെങ്കിലേ സ്നേഹം ഉണ്ടാകൂ. ഹിന്ദു എന്നത് ഒരു സംസ്കാരമാണ്. എല്ലാത്തിനെയും ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സംസ്കാരം. നായർ സമുദായത്തിന്റേയും ഇതര സമുദായങ്ങളുടെയും നാടിന്റേയും പുരോഗതി ലക്ഷ്യമാക്കിയാണ് എൻഎസ്എസ് പ്രവർത്തിക്കുന്നത്. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സാമ്പത്തിക സംവരണം അനുവദിക്കുന്നതിന് വേണ്ടി ദീർഘകാലം എൻഎസ് എസ് കേസ് നടത്തി. ഇപ്പോൾ അതിന്റെ ഗുണം അനുഭവിക്കുന്നത് നായർ സമുദായം മാത്രമല്ല. ഇതര മതസ്ഥർക്കും ഇത് പ്രയോജനകരമായി.
സമുദായാംഗങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനും തൊഴിലവസരങ്ങൾ നേടാനും പരസഹായമില്ലാതെ സ്വന്തം കാലിൽ ജീവിക്കാനും എൻ എസ് എസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കുകയും തൊഴിൽ സാധ്യതകൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നുവെന്നും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ മന്ത്രി പറഞ്ഞു.
എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അധ്യക്ഷനായിരുന്നു. കമലാസദനത്തിൽ പഴവിള ശിവശങ്കരപിള്ളയുടെ സ്മാരകമായി എസ്. വിനുകുമാറാണ് കെട്ടിടം നിർമിച്ചു നല്കിയത്. പഴവിള ശിവശങ്കരപിള്ളയുടെ ഭാര്യ എൽ. കമലാഭായി അമ്മ താക്കോൽ ദാനം നിർവഹിച്ചു. മുൻ കരയോഗം ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.
താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, താലൂക്ക് യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ, കരയോഗം സെക്രട്ടറി രതീഷ്. ആർ, എസ്. വിനുകുമാർ, വനിതാ സമാജം സെക്രട്ടറി രോഹിണി രഞ്ചൻ, കരയോഗം പ്രസിഡന്റ് ദീപക് എൽ.എസ്, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ജി. ദേവദാസ്, മുൻ ഗ്രാമപഞ്ചായത്തംഗം യു.എസ്. ഉല്ലാസ് കൃഷ്ണൻ, ചിറക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. അപ്പുക്കുട്ടൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നടത്തിയ സാംസ്കാരിക സമ്മേളനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എസ്. വിനുകുമാർ അധ്യക്ഷനായിരുന്നു. കേരള സംഗീത നാടക അക്കാദമി അംഗങ്ങളായ ആനയടി പ്രസാദ്, ചിറക്കര സലിംകുമാർ, സംവിധായകൻ ബിജു നെട്ടറ, കവി ആർ. എം. ഷിബു, രാജേഷ് .ആർ .എസ്. എന്നിവർ പ്രസംഗിച്ചു.