‘വൈദ്യുതി ദുർവ്യയം നിയന്ത്രിക്കാൻ നടപടി ഉണ്ടാകണം’
1394098
Tuesday, February 20, 2024 5:06 AM IST
ചാത്തന്നൂർ: തെരുവു വിളക്കുകളുടെ കാര്യത്തിൽ വൻതോതിൽ വൈദ്യുതി ദുർവ്യയം ചെയ്യപ്പെടുന്നുണ്ടെന്നും അത് നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്നും ചാത്തന്നൂർ സിറ്റിസൺസ് ഫാറം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
തെരുവു വിളക്കുകൾ പരിപാലിക്കുന്നതിനും വൈദ്യുതി ചാർജിനുമായി 2022 - 23- ൽ 30,57,533 രൂപ പഞ്ചായത്തിന് ചെലവഴിക്കേണ്ടി വന്നു. നടപ്പു വർഷത്തേക്ക് 75 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സാധാരണ വിളക്കുകളേക്കാൾ വലിയ അളവിൽ വൈദ്യുതി ആവശ്യമുള്ള ഹൈമാസ്റ്റ് വിളക്കുകൾ പലയിടത്തും സ്ഥാപിക്കപ്പെട്ടിട്ടും സമീപത്തുണ്ടായിരുന്ന വിളക്കുകൾ ഒഴിവാക്കപ്പെടാത്തതു മൂലം വൻതോതിൽ വൈദ്യുതി ദുർവിനിയോഗം നടക്കുന്നു. 50 മീറ്ററിനുള്ളിൽ മറ്റൊരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ പാടില്ലെന്ന വ്യവസ്ഥ നിലവിലുണ്ടെങ്കിലും അതും അംഗീകരിക്കപ്പെടുന്നില്ല.
നട്ടുച്ച നേരത്തും ഹൈമാസ്റ്റ് ലൈറ്റുകൾ കത്തി നിൽക്കുന്ന കാഴ്ചയും അസാധാരണമല്ല. നിസംഗതയും അലംഭാവവും വെടിഞ്ഞ് വൈദ്യുതിയുടെ ദുർവിനിയോഗവും പൊതു ഫണ്ടിന്റെ ധൂർത്തും അവസാനിപ്പിക്കണമെന്ന് സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ ആവശ്യപ്പെട്ടു.