ജലഅഥോറിറ്റി ഇരുമ്പു പൈപ്പുകൾ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1339231
Friday, September 29, 2023 10:20 PM IST
കൊല്ലം : പൊട്ടിപ്പോകാൻ സാധ്യതയുള്ള പൈപ്പുകൾക്ക് പകരം ഇരുമ്പു പൈപ്പുകളോ ഗുണനിലവാരമുള്ള മറ്റ് പൈപ്പുകളോ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ജലഥോറിറ്റി കൊട്ടാരക്കര എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി നിർദേശം നൽകിയത്.
ജലജീവൻ മിഷൻ വഴി ഗാർഹീക കണക്ഷൻ ലഭിച്ച തന്റെെ വീട്ടിലേയ്ക്കുള്ള പൈപ്പ് ലൈൻ നടവഴിയിൽ മണ്ണിന് പുറത്ത് സ്ഥാപിച്ചതിനാൽ പൊട്ടിപോകുന്നത് പതിവാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ആളുകൾ നടക്കുന്നതും ഭാരമുള്ള വസ്തുക്കൾ വീഴാൻ സാധ്യതയുമുള്ള സ്ഥലത്താണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. പലപ്പോഴും പൊട്ടിയ പൈപ്പുകൾ നന്നാക്കാൻ ജലഅഥോറിറ്റി തയാറാവില്ലെന്നും തങ്ങൾ സ്വയം നന്നാക്കുകയാണ് ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.
ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിക്കുന്നതു കാരണമുള്ള ഇത്തരം പ്രശ്നങ്ങൾ മുമ്പും കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജലഅഥോറിറ്റി ഇക്കാര്യം ഗൗരവപൂർവം പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കൊല്ലം കുണ്ടറ എട്ടാംവാർഡിൽ ശ്രീരാമപുരം പടിഞ്ഞാറ്റതിൽ ഓമനക്കുട്ടന്റെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനാണ് ഉത്തരവ്.