ഉത്സവ ലഹരിയിൽ ഓണാട്ടുകര; ഓച്ചിറ 28-ാം ഓണാഘോഷം ഇന്ന്
1338292
Monday, September 25, 2023 11:02 PM IST
കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തി എട്ടാം ഓണഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന കാളകെട്ടുത്സവത്തിന് കെട്ടുരുപ്പടികളെ അണിയിച്ചൊരുക്കി ഓണാട്ടുകര നിവാസികൾ.
കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മവേലിക്കര താലൂക്കുകളിൽപ്പെട്ട അൻപത്തി എട്ടു കരകളിൽ നിന്നുള്ള ഇരുനൂറിൽപരം നന്ദികേശന്മാരെയാണ് ഓച്ചിറ പടനിലത്ത് എത്തിക്കുന്നത്. ഓരോ കരക്കാരും മത്സരബുദ്ധിയോടെ കാളകളെ അണിയിച്ചൊരുക്കുകയും ചെണ്ട-പഞ്ചാരി-പാണ്ടി മേളങ്ങളുടെ അകമ്പടിയോടുകൂടി ആഘോഷപൂര്‍വം ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ടു വരികയും ചെയ്യും.
ഒറ്റത്തടിയിൽ നിർമ്മിച്ച മുഖവും, ചട്ടത്തിൽ കെട്ടു കാളയെ നിര്‍മ്മിച്ച് വൈക്കോല്‍ പൊതിഞ്ഞശേഷം ചുമപ്പ്, വെള്ള നിറത്തിലുള്ള തുണികൊണ്ടു മൂടികെട്ടിയ ശരീരവുമാണ് കെട്ടു കാളകള്ക്കുള്ളത്. പല വിധത്തില്‍ അലങ്കരിച്ച് മണി മാലയുമണിയിച്ചാണ് പടനിലത്ത് എത്തിക്കുന്നത്. കൈവെള്ളയിൽ എടുക്കാവുന്നതുമുതൽ അംബരചുംബികളായ കെട്ടു കാളകളെ വരെയാണ് കെട്ടുകാള സമിതികൾ ഉണ്ടാക്കുന്നത്. ഏറെ സമിതികളും നേർച്ചയായാണ് പരബ്രഹ്മത്തിനു മുന്നിൽ കെട്ടുകാളകളെ സമർപ്പിക്കുന്നത്.
ഒരു മാസത്തെ വ്രതാനുഷ്ഠാനങ്ങളോടെയാണ് കെട്ടുകാളകളെ നിർമിക്കുന്നത്. ഓരോ കാളമൂട്ടിലും പ്രത്യേകം തയാറാക്കിയ പന്തലിൽ ഭാഗവത പാരായണം, അന്നദാനം, വിശേഷാൽ പൂജകളും വഴിപാടുകളും നടന്നു വരുന്നു. ഇന്ന് രാവിലെ തന്നെ കെട്ടുരുപ്പടികളെ അതാതു കരക്കാരുടെ നേതൃത്വത്തിൽ പരബ്രഹ്മ ക്ഷേത്രത്തിൽ എത്തിക്കും.