ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ മിന്നല്‍ പരിശോധന: കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി
1337349
Friday, September 22, 2023 12:58 AM IST
ആര്യങ്കാവ് : ആര്യങ്കാവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്പോസ്റ്റില്‍ കൊല്ലം വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത കാല്‍ലക്ഷത്തോളം രൂപ കണ്ടെത്തി.
ചെക്ക് പോസ്റ്റില്‍ ഉദ്യോഗസ്ഥരുടെ അറിവോടെ ചരക്കുലോറികള്‍, ശബരിമലയ്ക്ക് പോകാനായി എത്തുന്ന അയ്യപ്പ ഭക്തര്‍ ഉള്‍പ്പടെയുള്ളവരുടെ വാഹനങ്ങളില്‍ നിന്നും ഏജന്റുമാര്‍ മുഖാന്തിരം വന്‍ തോതില്‍ പണപ്പിരിവ് നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം വിജിലന്‍സ് ഡി വൈ എസ് പി എസ് സജാദിന്റെ നിര്‍ദേശപ്രകാരം ഇന്നലെ പുലര്‍ച്ചെ വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.
വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയ സമയത്ത് ആര്യങ്കാവ് സ്വദേശിയായ ഏജന്റ് പണപ്പിരിവ് നടത്തുന്നത് കണ്ടെത്തി.
ഇയാളില്‍ നിന്നും ഇരുപത്തിമൂവായിരത്തി ഇരുപതു രൂപയും വിജിലന്‍സ് സംഘം പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ പണപ്പിരിവ് നടത്തിയതെന്ന് സമ്മതിച്ചു.
തുടര്‍ന്ന് ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ 2100 രൂപയും അധികൃതര്‍ കണ്ടെത്തി. കൊല്ലം വിജിലന്‍സ് യൂണിറ്റില്‍ നിന്നുള്ള ഇന്‍സ്പെക്ടര്‍മാരായ റ്റി ബിജു, വി ജോഷി, ഉദ്യോഗസ്ഥരായ സുനില്‍കുമാര്‍, ഷാഫി, വി. സുനില്‍, ദേവപാല്‍, കബീര്‍, പട്ടാഴി കൃഷി ഓഫീസര്‍ സുനില്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന