കൊല്ലത്ത് വൻ പാൻമസാല വേട്ട
1336807
Tuesday, September 19, 2023 11:53 PM IST
കൊല്ലം: നഗരത്തിൽ എക്സൈസ് 100 കിലോ പാൻമസാല പിടികൂടി. മങ്ങാട് അറുനൂറ്റിമംഗലം ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ നിന്നാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്.
അലാവുദീൻ നടാഫ് (രാജു) വാടകയ്ക്ക് താമസിക്കുന്ന അറുനൂറ്റിമംഗലം നഗർ- 21 ലീലാ സദനം വീട്ടിൽ പല ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്ന പാൻമസാലയാണ് പിടികൂടിയത്. ഇയാൾക്കെതിരെ കേസെടുത്തു. ഇവ കൂടാതെ ലഹരിയ്ക്കായി ഉപയോഗിക്കുന്ന പത്ത് കിലോയോളം മറ്റ് ചേരുവകളും കണ്ടെടുത്തിട്ടുണ്ട്.
പിടികൂടിയ പുകയില ഉൽപന്നങ്ങൾക്ക് വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വിലവരുമെന്ന് എക്സൈസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 30 ലിറ്റർ മദ്യം സൂക്ഷിച്ച കുറ്റത്തിന് പെരിനാട് ചെറുമൂട് ഇടവട്ടം പാറപ്പുറം പുത്തൻവിള വീട്ടിൽ അജയനെതിരെ (36) കേസെടുത്തു. മയക്കു മരുന്ന് കേസിലെ സ്ഥിരം കുറ്റവാളിയായ വടക്കേവിള പോളയത്തോട് നാഷണൽ നഗർ 57 - രാജേന്ദ്രനെ(43) റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി . റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി. രാജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ വിനോദ് ശിവറാം, മനേഷ്യസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജ്യോതി, സജീവ്, സന്ദീപ് കുമാർ, ലാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രീസ എന്നിവർ പങ്കെടുത്തു.