കേരള കോൺഗ്രസ് -ബി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി
1300162
Sunday, June 4, 2023 11:37 PM IST
കൊട്ടാരക്കര: പട്ടാഴിയിൽ എറ്റിഎമ്മിൽ നിറയ്ക്കാനുള്ള പണം കാറിലെത്തി കവർച്ച നടത്തിയ സംഘത്തിനുവേണ്ടി കേരള കോൺഗ്രസ് -ബി ജില്ലാ പ്രസിഡന്റ് മുൻ നഗരസഭാ ചെയർമാൻ കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട സാഹചര്യത്തിൽ ഈ കവർച്ചാ കേസിലെ കേരള കോൺ -ബി നേതാക്കന്മാരുടെ പങ്കും പോലീസ് അന്വേഷിക്കണമെന്ന് ബി ജെ പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പത്തനാപുരം എം എൽ എ യുടെ വിശ്വസ്തനും, പാർട്ടിയുടെ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറിയുമായ സഞ്ജു പി സാം ലക്ഷക്കണക്കിന് രൂപ റെയിൽവേജോലി വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയതിന് ജയിലിൽ കിടന്നിരുന്നതാണ്. മുൻ നഗരസഭാ ചെയർമാന്റെ പേഴ്സണൽ സ്റ്റാഫായ സുബിനും സാമ്പത്തിക തട്ടിപ്പിന് ജയിലിലാണ്.
സമീപകാലത്ത് ആയിരക്കണക്കിന് നിക്ഷേപകരെ കബളിപ്പിച്ച കേച്ചേരി ഫൈനാൻ സുമായി ബന്ധപ്പെട്ടും പത്തനാപുരം എം എൽ എ ക്കെതിരെയും ആരോപണമുണ്ടായിട്ടുണ്ട്. കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചിത്ത് വിശ്വനാഥ്, അരുൺ കാടാങ്കുളം എന്നിവർ പ്രസംഗിച്ചു.