ശാരീരിക അസ്വസ്ഥത: സ്വകാര്യ ബസ് ജീവനക്കാര്‍ വഴിയില്‍ ഉപേക്ഷിച്ച വയോധികന് മരിച്ചു
1299727
Saturday, June 3, 2023 2:04 AM IST
അഞ്ചല്‍ : സ്വകാര്യ ബസില്‍ ശാരീരിക അസ്വസ്ഥത അനുഭവിക്കുകയും ഛര്‍ദിക്കുകയും ചെയ്തപ്പോൾ ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉപേക്ഷിച്ച വയോധികൻ മരിച്ചു. ഏരൂര്‍ വിളക്കുപാറ റോഡില്‍ സര്‍വീസ് നടത്തുന്ന ലക്ഷ്മി ബസില്‍ യാത്ര ചെയ്ത ഇടുക്കി പള്ളിവാസല്‍ ചിത്തിരപുരം വെട്ടുകല്ലുമുറിയില്‍ സിദീഖ് (60) ആണ് മരിച്ചത്.
വിളക്കുപാറ സര്‍ക്കാര്‍ മദ്യവില്‍പ്പനശാലക്ക് സമീപം ലോട്ടറി വില്പന നടത്തിവരുന്ന സിദീഖ് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ബസില്‍ അഞ്ചലിലേക്ക് തിരിച്ചത്. ഇതിനിടയില്‍ ബസില്‍ ഛര്‍ദിക്കുകയും ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.ഇതോടെ മുഴതാങ്ങില് നിര്‍ത്തിയ ബസ് ഇവിടെയുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ സിദീഖിനെ ഉപേക്ഷിച്ച ബസ് ജീവനക്കാര്‍ പോവുകയായിരുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്ത് എത്തി സിദീഖിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം സ്വകാര്യാശുപത്രി മോര്‍ച്ചറിയില്‍.