പൂർവ വിദ്യാർഥി ദിനാഘോഷം നാളെ
1297321
Thursday, May 25, 2023 11:19 PM IST
പുനലൂർ: എസ്എൻ കോളേജിലെ പൂർവ വിദ്യാർഥിസംഘടനയായ എഫ്എസ്എ യുടെ നേതൃത്വത്തിൽ നാളെ പൂർവ വിദ്യാർഥി ദിനാഘോഷവും വാർഷിക പൊതുസമ്മേളനവും നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ചേരുന്ന പൂർവ വിദ്യാർഥി ദിനാഘോഷം മുൻ എംഎൽഎയും പൂർവ വിദ്യാർഥിയുമായ കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോസ് തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ആർ.ശ്രീകണ്ഠൻ നായർ പ്രതിഭകളെ ആദരിയ്ക്കും. ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് ജോസ് തോമസിന്റെ മകൻ ഫെബിൻ ജോസ് തോമസിന് പ്രത്യേക ആദരവു നൽകും .ഡോ.എം.എം.ബഷീർ, അമ്പലക്കര സുരേഷ് കുമാർ , പുനലൂർ നഗരസഭാ വൈസ് ചെയർമാൻ ഡി.ദിനേശൻ, രഞ്ജിത്, മാത്യു വർഗീസ് എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന വാർഷിക പൊതുയോഗം വൈസ് പ്രസിഡന്റ് ക്യാപ്ടൻ മധുസൂദനൻ ഉദ്ഘാടനം ചെയ്യും. ജോസ് തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ആർ.സുഗതൻ റിപ്പോർട്ട് അവതരിപ്പിക്കും.
പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ കോളേജിന് വേണ്ടി മാതൃകാപരമായി പ്രവർത്തിച്ചതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.