പാമ്പുകളെ തുറന്നുവിടുന്ന കാര്യത്തില്‍ വനംവകുപ്പിന് ആശയക്കുഴപ്പം
1574186
Tuesday, July 8, 2025 10:21 PM IST
കാസര്‍ഗോഡ്: വീടുകളിലും പരിസരത്തും പാമ്പിനെ കണ്ടാല്‍ ഒരൊറ്റ വിളിയില്‍ വനംവകുപ്പിന്റെ സര്‍പ്പ വോളണ്ടിയര്‍മാര്‍ വീട്ടിലെത്തി പാമ്പിനെ പിടികൂടും. ജില്ലയില്‍ അന്‍പതിലേറെ പേരാണ് പാമ്പുകളെ പിടിക്കാന്‍ വനംവകുപ്പിന്റെ ലൈസന്‍സ് എടുത്തിട്ടുള്ളത്.
ഈ മഴക്കാലത്ത് മാത്രം ജില്ലയില്‍ നിന്ന് നൂറുകണക്കിന് പാമ്പുകളെയാണ് ഇവര്‍ പിടികൂടി റസ്ക്യൂ ചെയ്തത്. പക്ഷേ ഇങ്ങനെ പിടികൂടുന്ന പാമ്പുകളെ തുറന്നുവിടാന്‍ പലയിടത്തും അനുയോജ്യമായ സ്ഥലങ്ങളില്ലാത്തത് വലിയ പ്രതിസന്ധിയാണ്.
പിടികൂടുന്ന പാമ്പുകളെ യോജിച്ച ആവാസവ്യവസ്ഥയില്‍ വനംവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ സംരക്ഷിത വനങ്ങളില്ലാത്ത പ്രദേശങ്ങളില്‍ ഈ പാമ്പുകളെ എവിടെ വിടുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഈ ചോദ്യത്തിന് വനംവകുപ്പിന്റെ കൈയില്‍ മറുപടിയുമില്ല.
ജനവാസമേഖലയോടു ചേര്‍ന്ന സ്ഥലങ്ങളില്‍ വിട്ടാല്‍ അവ വീടുകളിലേക്ക് വീണ്ടും എത്താന്‍ സാധ്യതയുണ്ട്. സര്‍പ്പ വോളന്റിയര്മാരുടേത് സൗജന്യസേവനമാണ്. യാത്രാചെലവ് പോലും സ്വന്തമായി വഹിച്ചാണ് അവര്‍ പാമ്പുകളെ പിടിക്കാൻ പോകുന്നത്.
ഇവയെ തുറന്നുവിടാന്‍ വനപ്രദേശങ്ങള്‍ തേടി കിലോമീറ്ററുകള്‍ പോകുക എന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവര്‍ പിടിക്കുന്ന പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകാറുണ്ടെങ്കിലും പിടിക്കുന്നവരുടെയും പാമ്പുകളുടെയും എണ്ണം കൂടിയത് കാരണം പലപ്പോഴും കൃത്യസമത്ത് എത്താന്‍ സാധിക്കാറില്ല.
അതുകൊണ്ട് ഒറ്റപ്പെട്ട് കിടക്കുന്ന സ്ഥലങ്ങള്‍ നോക്കി തുറന്നുവിടേണ്ടി വരുന്ന സാഹചര്യമുണ്ട്. രാജവെമ്പാല ഉള്‍പ്പെടെ അപകടകാരികളായ പാമ്പുകള്‍ പുതിയതായി പലയിടത്തും കാണാനുള്ള പ്രധാന കാരണം ഇതെന്നാണ് ആരോപണം.
വനത്തോടു ചേര്‍ന്ന സ്ഥലങ്ങളില്‍ പാമ്പുകളുടെ ശല്യം വര്‍ധിക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. സര്‍പ്പ വോളണ്ടിയര്‍മാര്‍ പിടികൂടുന്ന പാമ്പുകളെ ഉള്‍വനത്തില്‍ തുറന്നുവിടാന്‍ വനംവകുപ്പ് പ്രത്യേക ശ്രദ്ധപതിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.