കാണാമറയത്ത് ലഹരിയുടെ പുതുവഴികൾ തേടി വിദ്യാർഥികൾ
1573938
Tuesday, July 8, 2025 1:50 AM IST
ചിറ്റാരിക്കാൽ: എൽപി ക്ലാസുകൾ മുതൽ കോളജ് തലം വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ മുറയ്ക്ക് നടക്കുമ്പോഴും ഒരു വിഭാഗം വിദ്യാർഥികളെങ്കിലും കാണാമറയത്ത് ലഹരിയുടെ പുതുവഴികൾ തേടുന്നത് ആശങ്കയാകുന്നു. ബംഗളൂരുവിലും മംഗലാപുരത്തും നിന്നെത്തുന്ന ആധുനിക ലഹരിമരുന്നുകൾ മലയോരമേഖലയിൽ പോലും സുലഭമാകുന്ന നിലയാണ്. ലഹരി ഉപഭോഗത്തിന്റെ കാര്യത്തിൽ മുതിർന്നവരുടെ ഇടയിൽ നടക്കുന്ന മാറ്റങ്ങളെല്ലാം അതേ രീതിയിൽ കുട്ടികളുടെ ഇടയിലുമെത്തുന്നു.
പാൻപരാഗ്, ഹാൻസ് പോലുള്ള ലഹരിവസ്തുക്കൾ ഇപ്പോൾ പഴയതുപോലെ കാണാനില്ല. എന്നാൽ പല കടകളുടെയും പിന്നാമ്പുറങ്ങളിൽ വിശ്വസ്തരായ ഇടപാടുകാർക്ക് മാത്രം കാപ്സ്യൂളുകളുടെയും ലഹരി മിഠായികളുടെയും രൂപത്തിൽ ഇവ ലഭ്യമാണ്. ഈ ഇടപാടുകാരിൽ പലരും വിദ്യാർഥികൾ തന്നെയാണ്.
മറ്റു കുട്ടികളിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നത് ഈ ഇടനിലക്കാർ മുഖേനയാണ്. പാൻപരാഗ്, റോജ, ഹാൻസ്, ചൈന, തുളസി, മധു, കൂൾ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ ലഹരിവസ്തുക്കൾക്ക് പായ്ക്കറ്റിൽ എഴുതിയ വില അഞ്ചുരൂപ മുതൽ 10 രൂപ വരെയാണെങ്കിലും ഇടനിലക്കാർ ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നത് 20 രൂപ വരെയാണ്.
കുട്ടികളായതിനാൽ രഹസ്യമായി എന്തോ വലിയ കാര്യം ചെയ്യുകയാണെന്ന ത്രില്ലോടുകൂടി കൂടുതൽ പണം നല്കാൻ തയ്യാറാവുകയും ചെയ്യുന്നു. രക്ഷിതാക്കളുടെ കൈയിൽ നിന്ന് ആവശ്യത്തിലേറെ പണം കിട്ടുന്നതും ഇതിന് കാരണമാണ്. മൊബൈൽ ഫോണുകൾ സൂക്ഷിക്കാനേല്പിക്കുന്നതിന്റെ പേരിലും കുട്ടികൾ കടക്കാരുമായി ബന്ധം സ്ഥാപിക്കുന്നു. ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ലഹരിവസ്തുക്കൾ വിദ്യാർഥികൾക്ക് പാഴ്സലായും കൊറിയറായും എത്തുന്ന സംഭവങ്ങളുമുണ്ട്.
ബംഗളൂരുവിലും മംഗലാപുരത്തും ഉപരിപഠനത്തിനു പോകുന്ന ചിലരെങ്കിലും നാട്ടിലേക്കു വരുമ്പോൾ ലഹരിമരുന്നുകളുടെ കാരിയർമാരാകുന്ന സംഭവങ്ങളും മലയോരത്ത് ഉണ്ടായിട്ടുണ്ട്. ബംഗളൂരുവിൽ പഠിക്കുന്ന മലയോരത്തെ അറിയപ്പെടുന്ന കുടുംബങ്ങളിലെ രണ്ട് കുട്ടികൾ അടുത്തകാലം വരെ എല്ലാ ശനിയാഴ്ചകളിലും നാട്ടിലെത്തിയിരുന്നു.
വീട്ടിൽ പറയാതെയുള്ള ഈ വരവിൽ സംശയം തോന്നിയ രക്ഷിതാക്കൾ ഒരുദിവസം ഇവരെ അറിയിക്കാതെ ശനിയാഴ്ച രാവിലെ ഇവർ ബസ്സിറങ്ങുന്നിടത്ത് പോയപ്പോൾ കണ്ടത് ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാർഥികളുമടക്കം പത്തോളം പേർ ഇവരെ കാത്തുനിൽക്കുന്നതാണ്. വീട്ടിലറിയിക്കാതെയുള്ള യാത്രകൾ അതോടെ അവസാനിച്ചു.
മലയോരത്തെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽ ഒരു വിദ്യാർഥിനിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധിച്ച് ബാഗ് പരിശോധിച്ച അധ്യാപിക കണ്ടത് സിഗരറ്റ് പായ്ക്കറ്റുകളും ലഹരിവസ്തുക്കളുമാണ്. രക്ഷിതാക്കളെ വിവരമറിയിച്ചപ്പോൾ സ്കൂളിലെത്തിയ അച്ഛനോടും തട്ടിക്കയറുകയാണ് പെൺകുട്ടി ചെയ്തത്. പിന്നീട് ദിവസങ്ങളോളം നീണ്ട കൗൺസിലിംഗിനു ശേഷമാണ് പെൺകുട്ടിയെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനായത്.
ബൈക്കിൽ സഞ്ചരിച്ച് കൃത്യസമയങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘങ്ങളും മലയോരത്ത് സജീവമാണ്. മിക്കപ്പോഴും കണ്ണൂരിലും കാസർഗോട്ടും മംഗലാപുരത്തുമൊക്കെയാണ് ഇവരുടെ കണ്ണികൾ ചെന്നുചേരുന്നത്. പലപ്പോഴും വൈകുന്നേരങ്ങളിൽ സ്കൂൾ മൈതാനങ്ങൾക്കും മറ്റും സമീപത്താണ് ഇവർ തമ്പടിക്കുന്നത്.
പുതുതലമുറയിൽ പുകവലി കുറഞ്ഞെങ്കിലും മദ്യപാനത്തിന് സാമൂഹിക അംഗീകാരം ലഭിച്ചെന്ന നിലയിലാണ് കുട്ടികളടക്കം പെരുമാറുന്നതെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പറയുന്നു. 10 വയസുള്ള കുട്ടികൾ പോലും മദ്യപിച്ചിട്ടുള്ളതായി ഇവരോട് തുറന്നുപറഞ്ഞിട്ടുണ്ട്.
ആൺകുട്ടികളും പെൺകുട്ടികളും ഇക്കാര്യത്തിൽ ഒപ്പത്തിനൊപ്പമാണ്. അടുത്തിടെ ഒരു പ്ലസ്ടു സ്കൂളിലെ അഞ്ച് കുട്ടികൾ ക്ലാസ് സമയം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾസ്കൂൾ കെട്ടിടത്തിനു മുകളിൽ മദ്യപിച്ച് അവശരായി കിടക്കുന്നതാണ് കണ്ടത്. പലപ്പോഴും ഇത്തരം കാര്യങ്ങൾ പുറത്തുവന്നാൽ സ്കൂളുകൾക്ക് പേരുദോഷം വരുമെന്നു ഭയന്ന് സംഭവം മറച്ചുവയ്ക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്ന് അധ്യാപകർ തന്നെ പറയുന്നു. മലയോരത്തെ ഒരു സ്കൂളിൽ രൂപീകരിച്ച ലഹരിവിരുദ്ധ ജാഗ്രതാസമിതിയുടെ ചെയർമാന്റെ മകന്റെ കൈയിൽനിന്നുതന്നെ ലഹരിവസ്തുക്കൾ കണ്ടെടുത്തത് അടുത്തിടെയാണ്.