സൗജന്യ യൂണിഫോം ലഭിക്കാതെ ജില്ലയില്‍ 32,000 വിദ്യാര്‍ഥികള്‍
1573628
Monday, July 7, 2025 1:24 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ 32,000ത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം കിട്ടിയില്ല. കാഴ്ചശേഷിയില്ലാത്തവര്‍ ഉള്‍പ്പെടെ 3000 ഭിന്നശേഷി വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടും. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രണ്ടു സെറ്റ് യൂണിഫോം കിട്ടാന്‍ അര്‍ഹതയുള്ളത്.
സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ ഒഴികെയുള്ള കുട്ടികള്‍ക്കാണ് യൂണിഫോം കിട്ടാനുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍ നിന്നും സര്‍വ ശിക്ഷക് കേരളയുടെ സഹായത്തോടെയാണ് ഇവര്‍ക്ക് യൂണിഫോം അലവന്‍സ് നല്‍കേണ്ടത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് കിട്ടാത്തതാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
എപിഎല്‍ വിഭാഗം കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് മുഖേന അലവന്‍സ് ലഭിച്ചുതുടങ്ങി. ഹൈസൂളുകള് ഇല്ലാത്ത ഗവ. എല്‍പി, യുപി സ്കൂളുകളിലെയും എയ്ഡഡ് സ്കൂളിലെയും കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും അലവന്‍സ് നല്കാന് തുടങ്ങി.
120ലേറെ ഗവ. ഹൈസ്കൂളുകളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ പെണ്‍കുട്ടികളും എപിഎല്‍ വിഭാഗം ഒഴികെയുള്ള മറ്റ് ആണ്‍കുട്ടികളുമാണ് യൂണിഫോം അലവന്‍സ് കാത്തുകഴിയുന്നത്. സംസ്ഥാനത്തൊട്ടാകെ ഇതുതന്നെയാണ് സ്ഥിതി.
രണ്ടു സെറ്റ് യൂണിഫോം വാങ്ങാനുള്ള തുകയാണ് വിദ്യാര്‍ഥികളുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ കിട്ടിയിരുന്നത്. കഴിഞ്ഞവര്‍ഷം നിരവധി കുട്ടികള്‍ക്ക് ഈ തുക ലഭിച്ചില്ല. പിടിഎ യോഗങ്ങളില്‍ അടക്കം ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു.
സര്‍ക്കാരില്‍ നിന്നും തുക അനുവദിക്കുമെന്ന് പ്രതീക്ഷിച്ച് മുഖ്യാധ്യാപകര്‍ സ്വന്തം കീശയില്‍ നിന്നും പണം നല്കി വിദ്യാര്‍ഥികളെ സഹായിച്ചിരുന്നു. ഇതോടെ രക്ഷിതാക്കള്‍ക്ക് ഈ തുക മടക്കിക്കൊടുക്കേണ്ട സ്ഥിതിവന്നു.
ഇതു തിരിച്ചുകൊടുക്കാന്‍ കഴിയാത്ത രക്ഷിതാക്കളുമുണ്ട്.
ഈ വര്‍ഷവും അലവന്‍സ് അനുവദിച്ചില്ലെങ്കില്‍ രക്ഷിതാക്കളോട് എന്തു സമാധാനം പറയുമെന്ന് ചിന്തയിലാണ് മുഖ്യാധ്യാപകര്‍.