മികവിന്റെ കേന്ദ്രങ്ങളിലേക്ക് വഴിതുറന്ന് സെന്റ് പയസിലെ ബിബിഎ വിഭാഗം
1565447
Saturday, June 7, 2025 1:36 AM IST
രാജപുരം: രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളായ ഐഐടി, ഐഐഐടി, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിൽ എംബിഎ പ്രവേശനം നേടാൻ കുട്ടികൾക്ക് വഴിതുറന്ന് രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ മാനേജ്മെന്റ് പഠന വിഭാഗം.
ബിബിഎ കോഴ്സിനൊപ്പം വിദ്യാർഥികൾക്ക് ദേശീയതലത്തിലുള്ള മാനേജ്മെന്റ് പൊതുപ്രവേശന പരീക്ഷയായ കോമൺ അഡ്മിഷൻ ടെസ്റ്റി (ക്യാറ്റ്)നുള്ള പ്രത്യേക പരിശീലനം കൂടി നല്കുന്നതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2014 മുതൽ 2025 വരെ ഇവിടെനിന്നും പഠിച്ചിറങ്ങിയ 66 വിദ്യാർഥികളാണ് മികവിന്റെ കേന്ദ്രങ്ങളിൽ പ്രവേശനം നേടിയതെന്ന് പരിശീലന പദ്ധതിയുടെ ടീച്ചർ കോ-ഓർഡിനേറ്റർ ഡോ.അഖിൽ തോമസ് അറിയിച്ചു.
ക്യാറ്റ് പരീക്ഷയിൽ 85 സ്കോർ നേടി ഐഐടി ജോധ്പൂർ, എൻഐടി ട്രിച്ചി, ജെഎൻയു, അടൽ ബിഹാരി സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിൽ പ്രവേശനം നേടിയ ബി.ശിവാനന്ദ് ആണ് ഈ വർഷം നേട്ടത്തിന് അവകാശിയായത്.
ബിബിഎ വിഭാഗത്തിലെ പൂർവ വിദ്യാർത്ഥികളായ സിസ് ഗ്ലോബൽ എജുക്കേഷൻ ഹോൾഡിംഗ്സ്, ജനീവ സ്കൂൾ ഓഫ് ഡിപ്ലോമസി എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടർ ഡോ.രാകേഷ് കൃഷ്ണൻ, സൊസൈറ്റി ജനറൽ എന്ന ഫ്രഞ്ച് കമ്പനിയിൽ ജോലി ചെയ്യുന്ന എം.ശരത്, കേന്ദ്ര സർക്കാർ സ്ഥാപനമായ ഐടിഐയിൽ അസി.ഫിനാൻസ് മാനേജരായ പി.ഗോകുൽ, എച്ച്എസ്ബിസി അസി.വൈസ് പ്രസിഡന്റ് ജിനു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു വർഷവും വിദ്യാർഥികൾക്ക് പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സൂരത്കൽ എൻഐടിയിൽ 17 വിദ്യാർഥികളും ഹാമിർപൂർ എൻഐടിയിൽ 24 വിദ്യാർഥികളും അലഹബാദ് ഐഐഐടിയിൽ നാലുപേരും അടൽ ബിഹാരി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പിൽ രണ്ടുപേരും ജയ്പൂർ എംഎൻഐടി, ധൻബാദ് ഐഐടി, ജെഎൻയു, ജോധ്പൂർ ഐഐടി, ട്രിച്ചി എൻഐടി എന്നിവിടങ്ങളിൽ ഓരോ വിദ്യാർഥികളും വിവിധ കേന്ദ്ര സർവകലാശാലകളിൽ 15 വിദ്യാർഥികളും സെന്റ് പയസിൽ നിന്ന് പ്രവേശനം നേടിയിട്ടുണ്ട്.
ഇക്കണോമിക്സ് വിഭാഗത്തിലെ പൂർവവിദ്യാർഥിയായ ആർ.രഞ്ജിത്ത് റാഞ്ചി ഐഐഎമ്മിൽ അസി.പ്രഫസർ ആയത് മറ്റൊരു നേട്ടമായി.