ക്രൈസ്റ്റ് സിഎംഐ സ്കൂളിലെ കുട്ടികൾക്ക് ഇത്തവണ കായിക പരിശീലനത്തിന്റെ പുതിയ പാഠങ്ങൾ
1565121
Thursday, June 5, 2025 7:23 AM IST
കാഞ്ഞങ്ങാട്: മാറുന്ന കാലത്തിനൊത്ത് കായികപരിശീലനത്തിന്റെ പുതിയ പാഠങ്ങൾ കുട്ടികളെ പഠിപ്പിക്കാനൊരുങ്ങുകയാണ് കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂൾ. എൽകെജി തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ശാസ്ത്രീയമായ കായിക പരിശീലനവും ആരോഗ്യ ബോധവത്കരണവും നല്കുകയാണ് ലക്ഷ്യമിടുന്നത്.
നടത്തവും ഓട്ടവും വിവിധ നാടൻ കളികളും മുതൽ ഫുട്ബോളും യോഗയും ഏയ്റോബിക്സും വരെ തികച്ചും ശാസ്ത്രീയവും രസകരവുമായ രീതിയിൽ പരിശീലിക്കാൻ ഇതുവഴി അവസരമൊരുക്കും. അധ്യയനവർഷത്തിന്റെ തുടക്കം മുതൽ ആഴ്ചയിൽ രണ്ടു മണിക്കൂർ വീതം അധ്യാപകർ കുട്ടികൾക്ക് പരിശീലനം നല്കും.
ഇതിനുശേഷം കുട്ടികൾക്ക് വീട്ടിൽവച്ചും കായികപരിശീലനം തുടരാൻ സാധിക്കും. കോഴിക്കോട് ആസ്ഥാനമായ സ്പോർട്സ് എജുക്കേഷൻ സ്ഥാപനത്തിനു കീഴിൽ വികസിപ്പിച്ചെടുത്ത ഫ്യൂമോസ് എന്ന ലേണിംഗ് ആപ്പിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
മൊബൈൽ സ്ക്രീനിൽ പെട്ടുപോകുന്ന കുട്ടികളുടെ സമയത്തിൽ ചെറിയൊരു ഭാഗമെങ്കിലും ഇതുവഴി രസകരവും ആരോഗ്യദായകവുമായ കായിക വിനോദങ്ങളിലേക്ക് തിരിച്ചുവിടാനാകുമെന്നാണ് പ്രതീക്ഷ. കളികളിലൂടെ കുട്ടികൾക്ക് വിനോദത്തിനൊപ്പം വിജ്ഞാനവും പകർന്നു നല്കുന്നതിനുള്ള വഴികൾ ഇതിലൂടെ ഒരുക്കിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഫാ. ജോർജ് പുഞ്ചായിൽ പറഞ്ഞു.
സമീപകാലത്തെ സാമൂഹിക സാഹചര്യങ്ങൾ പരിഗണിച്ച് ലഹരിക്കെതിരായ ബോധവത്കരണത്തിനും ആരോഗ്യകരമായ ജീവിതരീതികൾക്കമുള്ള സന്ദേശങ്ങളും കളികളിലൂടെ പകർന്നുനല്കുന്നുണ്ടെന്ന് പരിശീലകൻ അഹമ്മദ് ഫായിസ് പറഞ്ഞു.
താത്പര്യമുള്ള കുട്ടികൾക്ക് വിവിധ കായിക ഇനങ്ങൾ പരിശീലിക്കുന്നതിനുള്ള കൃത്യമായ അടിത്തറ ഒരുക്കിനല്കുന്നതിലൂടെ മികച്ച കായികതാരങ്ങളെ വാർത്തെടുക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.