ടോള്‍ഗേറ്റ് സ്ഥാപിക്കാനുള്ള നീക്കം ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കും
1547380
Saturday, May 3, 2025 1:53 AM IST
കാസര്‍ഗോഡ്: ദേശീയപാതയിലെ കുമ്പളയില്‍ ടോള്‍ ഗേറ്റ് സ്ഥാപിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനം ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ ദേശീയ പാത 66ല്‍ തലപ്പാടിയില്‍ ഒരു ടോള്‍ ഗേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും 20 കിലോമീറ്റര്‍ ദൂരത്തില്‍ കുമ്പളയില്‍ രണ്ടാമത് സ്ഥാപിക്കുന്ന ടോള്‍ ഗേറ്റ് ജനങ്ങള്‍ക്ക് ദുരിത മേല്പിക്കുന്നതാണ്. രണ്ടു ടോള്‍ ഗേറ്റുകള്‍ തമ്മില്‍ 60 കിലോമീറ്റര്‍ ദൂരവ്യത്യാസം വേണമെന്നിരിക്കെ കുമ്പളയില്‍ ടോള്‍ ഈടാക്കുന്നത് അന്യായമാണ്. 60 കിലോമീറ്ററിനുള്ളില്‍ ടോള്‍ പിരിക്കില്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ്. ഇതിനു കടകവിരുദ്ധമായാണ് ദേശീയ പാത അതോറിറ്റി ഇവിടെ ടോള്‍ പിരിക്കാനിറങ്ങുന്നത്.
ദേശീയ പാത 66 ന്റെ തലപ്പാടി - ചെങ്കള ആദ്യ റീച്ച് പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടെന്നും രണ്ടാം റീച്ച് പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ താല്‍ക്കാലികമായിട്ടാണ് കുമ്പളയില്‍ ടോള്‍ പിരിക്കുന്നതെന്നാണ് എന്‍എച്ച്എഐ അധികൃതര്‍ പറയുന്നത്. കരാര്‍ കമ്പനി സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിന്റെ പാപഭാരം ജനങ്ങളില്‍ അടിച്ചേല്പിക്കുന്നത് ഒരിക്കലും നീതീകരിക്കാനാകില്ല. കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങള്‍ തൊഴില്‍, വ്യാപാരം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവയ്ക്കായി പ്രധാനമായും മംഗളുരുവിനെയാണ് ആശ്രയിക്കുന്നത്. ഇവിടെ നിന്നും മംഗളുരുവിലേക്ക് എത്താന്‍ രണ്ടിടത്ത് ടോള്‍ നല്‍കേണ്ടിവരും.
പ്രദേശവാസികള്‍ക്ക് ഇതു ദുരിതവും സാമ്പത്തിക ബാധ്യതയുമുണ്ടാക്കും. കുമ്പള നഗരത്തോട് അരകിലോമീറ്റര്‍ മാറിയാണ് ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നത്. ഇതു വലിയ രീതിയില്‍ ഗതാഗതതടസമുണ്ടാക്കും. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷമായി നാട്ടുകാര്‍ വിവിധങ്ങളായ പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. വാഹനാപകടങ്ങളില്‍ നിരവധിയാളുകള്‍ക്ക് ജീവന് നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇതെല്ലാം സഹിച്ച് ദേശീയപാത നിര്‍മാണത്തിന് പിന്തുണ നല്കിയ ജനങ്ങളെ നിരാശയിലാക്കുന്നതാണ് അധികൃതരുടെ ഈ നടപടി.
അന്യായമായ ടോള്‍ പിരിവിനെതിരെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരികള്‍ , സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭത്തിലൂടെ ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നത് ചെറുത്ത് തോല്പിക്കാനും നിയമ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാവരും ഇതിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
വ്യാജവാര്‍ത്ത സമരം പൊളിക്കാനുള്ള ഗൂഢാലോചന
കുമ്പളയില്‍ ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നതില്‍ അഭിപ്രായം ആരാഞ്ഞ് ദേശീയ പാത അധികൃതര്‍ എം എല്‍ എ യ്ക്കും പഞ്ചായത്തിനു അറിയിപ്പ് നല്‍കിയന്ന രീതിയില്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി കാണുന്നു. ഇത് വാസ്തവ വിരുദ്ധവും പൊതുജനങ്ങളില്‍ ആശയകുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കി ജനകീയ സമരങ്ങളെ വഴിതിരിച്ച് വിടാനുള്ള തല്പര കക്ഷികളുടെ ഗൂഢാലോചനയാണ്.
പൊതുജനം ഇത് വിശ്വസിക്കില്ല. അവര്‍ ശക്തമായ പ്രക്ഷോഭത്തിലൂടെ ഈ അന്യായമായ ടോള്‍ പിരിവിനെതിരെ പോരാടാനുറച്ച് നില്‍ക്കുകയാണ്. ജനപക്ഷത്ത് നിന്ന് സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് എ.കെ.എം.അഷ്റഫ് എംഎല്‍എ, കണ്‍വീനറും കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ താഹിറ യുസഫ്, അഷ്റഫ് കാര്‍ള, നാസര്‍ മൊഗ്രാല്‍, ബി.എറഹ്മാന്‍, സി.എ.സുബൈര്‍, വി.വി.രമേശന്, ലക്ഷ്മണ പ്രഭു, അഹമ്മദലി കുമ്പള, താജുദ്ദിന് മൊഗ്രാല്‍, നാസര്‍ ബംബ്രാണ എന്നിവര്‍ സംബന്ധിച്ചു.