മഴ വീണ്ടും കനക്കുന്നു; നെൽക്കർഷകർക്ക് ആശങ്ക
1461275
Tuesday, October 15, 2024 6:47 AM IST
നീലേശ്വരം: സാമാന്യം ശക്തമായി പെയ്ത കാലവർഷത്തിനു പിന്നാലെ തുലാവർഷത്തിന്റെ തുടക്കത്തിലും ജില്ലയിൽ കനത്ത മഴ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇടിയോടു കൂടിയ മഴയാണ് ജില്ലയിൽ പലയിടങ്ങളിലും ലഭിക്കുന്നത്. നെൽക്കൃഷി വിളവെടുപ്പിനു പാകമാകുമ്പോൾ പതിവിലും കനത്ത മഴ പെയ്യുന്നത് കർഷകർക്ക് ആശങ്കയായിട്ടുണ്ട്.
പാടത്തു കുലഞ്ഞുവീഴുന്ന നെൽച്ചെടികളിലെ കതിരുകളിൽ നിന്ന് മുളപൊട്ടാനുള്ള സാധ്യത കൂടുതലാണ്. പാടത്ത് വെള്ളം കയറി നെൽച്ചെടികളെല്ലാം വീണുകിടക്കുന്ന അവസ്ഥയായാൽ കൊയ്ത്തുയന്ത്രം ഉപയോഗിക്കാനും ബുദ്ധിമുട്ടാകും. കിനാനൂർ, കീഴ്മാല, പാലായി ഭാഗത്തെ വയലുകളിലെല്ലാം ഈ സ്ഥിതിയുണ്ട്.
കൂടുതൽ ഉയരത്തിൽ വളരുന്ന ആതിര നെൽവിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയവർക്കാണ് ആശങ്ക കൂടുതൽ. ഉമ, ശ്രേയ വിത്തുകളിൽ നിന്നുള്ള നെൽച്ചെടികൾക്ക് താരതമ്യേന ഉയരം കുറവായതിനാൽ പെട്ടെന്ന് കുലഞ്ഞുവീഴാനുള്ള സാധ്യത കുറവാണ്. ഇത്തവണ ഈ ഭാഗങ്ങളിലെ വയലുകളിൽ പലയിടങ്ങളിലും കാട്ടുപന്നിക്കൂട്ടം ഇറങ്ങി വ്യാപക കൃഷിനാശം വരുത്തിയിരുന്നു. അതിനു പിന്നാലെയാണ് മഴയും ആശങ്കയാകുന്നത്