മീന്‍ലോറി മറിഞ്ഞ് റോഡിലേക്ക് മലിനജലം ഒഴുകി
1599259
Monday, October 13, 2025 2:01 AM IST
കാസര്‍ഗോഡ്: സംസ്ഥാനപാതയില്‍ മീന്‍ലോറി മറിഞ്ഞ് റോഡില്‍ മലിനജലമൊഴുകി. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ മേല്‍പ്പറമ്പിലാണ് അപകടമുണ്ടായത്. മടക്കരയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ടയര്‍ പൊട്ടി റോഡില്‍ നിന്നും തെന്നിമാറി മറിയുകയായിരുന്നു. മീൻ വണ്ടിയില്‍ ഉണ്ടായിരുന്ന മീന്‍ പെട്ടികള്‍ റോഡിലേക്ക് വീഴുകയും മലിനജലം റോഡിലേക്ക് ഒഴുകുകയുമായിരുന്നു.
ടൗണില്‍ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനാല്‍ കാസര്‍ഗോഡ് അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തില്‍ സേനയെത്തി റോഡില്‍ സോപ്പ് പൊടി വിതറി വെള്ളം പമ്പ് ചെയ്ത് റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു.