എൻ.എൻ. പിള്ള സിനിമാ പുരസ്കാരം നടി ഉർവശിക്ക്
1599530
Tuesday, October 14, 2025 1:49 AM IST
ചെറുവത്തൂർ: മാണിയാട്ട് കോറസ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള എൻ.എൻ. പിള്ള പുരസ്കാരം നടി ഉർവശിക്ക് സമ്മാനിക്കും. നാടക രംഗത്തെ സമഗ്ര സംഭാവനക്കുളള പുരസ്കാരം കെ.എം. ധർമനാണ്.
നടൻ വിജയ രാഘവൻ ചെയർമാനും പി.വി. കുട്ടൻ, ജിനേഷ് കുമാർ, ടി.വി. ബാലൻ, ടി.വി. നന്ദകുമാർ എന്നിവരുമടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
മാണിയാട്ട് നാടക ഗ്രാമം ആതിഥ്യമരുളുന്ന പന്ത്രണ്ടാമത് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന നാടക മത്സരം നവംബർ 14 മുതൽ 23 വരെ നടക്കും. നാടക മത്സരത്തിന്റെ ഉദഘാടന ദിനത്തിൽ സിനിമാ താരവും അമ്മ താര സംഘടനയുടെ പ്രസിഡന്റുമായ ശ്വേത മേനോൻ കെ.എം. ധർമന് നാടക പുരസ്കാരം സമ്മാനിക്കും. സമാപന ദിവസമായ 23 ന് മന്ത്രി വി.എൻ. വാസവൻ ഉർവശിക്ക് സിനിമാ പുരസ്കാരം സമ്മാനിക്കും. ദേശീയ അവാർഡ് നേടിയ നടൻ വിജയരാഘവന് നാടകോത്സവത്തിന്റെ സമാപന ദിനത്തിൽ സ്വീകരണം നൽകും.
ചരിത്രത്തിൽ സ്ഥാനംപിടിച്ച കൊടക്കാട് പന്തിഭോജനത്തിന്റെ ഓർമയ്ക്കായി പതിനായിരം പേർക്ക് സമൂഹസദ്യയും നൽകും. മുൻ മന്ത്രി ഇ.പി. ജയരാജൻ, എംഎൽഎമാരായ എം. രാജഗോപാലൻ, ടി.ഐ. മധുസൂദനൻ എന്നിവരും പരിപാടികളിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ജൂറി അംഗങ്ങളായ പി.വി. കുട്ടൻ, ടി.വി. ബാലൻ, സംഘാടക സമിതി ഭാരവാഹികളായ കെ. റിലേഷ്, സി. നാരായണൻ, സി. രാജേഷ്, ഇ. ഷിജോയ്, തമ്പാൻ കീനേരി, എ.വി. പ്രമോദ് എന്നിവർ പങ്കെടുത്തു.