കേന്ദ്രാവിഷ്കൃത പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം എംപിയെ അറിയിച്ചില്ലെന്ന് പരാതി
1599526
Tuesday, October 14, 2025 1:49 AM IST
കാസർഗോഡ്: കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ഉഷയുടെ ഭാഗമായി ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർമിക്കുന്ന അക്കാദമിക് ആൻഡ് ഓഡിറ്റോറിയം കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ അറിയിക്കാതെ നടത്തിയതായി പരാതി. സി.എച്ച്. കുഞ്ഞമ്പു എംഎൽഎയാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.
ജില്ലയിൽ നടപ്പിലാക്കുന്ന എല്ലാ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും നടത്തിപ്പിന്റെയും മേൽനോട്ടത്തിന്റെയും ചുമതലയുള്ള എംപിയെ അറിയിക്കാതെ പ്രോട്ടോകോൾ ലംഘനം നടത്തുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയതായി എംപി അറിയിച്ചു.
എംപിയുടെ ഓഫീസിൽ നിന്നും കോളജ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ എംഎൽഎയുടെ ഓഫീസിലാണ് കാര്യങ്ങൾ തീരുമാനിച്ചതെന്ന മറുപടിയാണ് ലഭിച്ചത്. തെരഞ്ഞെടുപ്പുകൾ അടുത്തുകൊണ്ടിരിക്കുന്ന സമയത്ത് വികസനത്തിൽ രാഷ്ട്രീയം കലർത്തുന്ന ഇടതുപക്ഷ സംഘടനകളുടെ പതിവുരീതിയുടെ ഭാഗമാണ് ഇതെന്ന് ഉണ്ണിത്താൻ ആരോപിച്ചു. അടുത്തകാലത്ത് പൂർണമായും ഭാഗികമായും കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പല പദ്ധതികളുടെയും പേര് മാറ്റി സംസ്ഥാന സർക്കാർ പരിപാടിയായി അവതരിപ്പിച്ചതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.