മുള്ളൻപന്നി വന്നിടിച്ച് ബൈക്ക് മറിഞ്ഞു; കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്ക്
1599812
Wednesday, October 15, 2025 1:56 AM IST
കുന്നുംകൈ: മുള്ളൻപന്നി വന്നിടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് കെഎസ്ആർടിസി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് ഡിപ്പോയിലെ ഡ്രൈവറായ കുന്നുംകൈയിലെ സി.കെ. ബിജു(48) വിനാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ പരപ്പച്ചാൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. വീഴ്ചയിൽ തോളെല്ല് പൊട്ടിയ നിലയിലാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
ദിവസങ്ങൾക്കു മുമ്പ് കെഎസ്ആർടിസി ടൗൺ ടു ടൗൺ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരനെ ഉടനടി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട് ബിജുവിനും കണ്ടക്ടർ സി. രാജ്മോഹനും ഏറെ പ്രശംസയും അഭിനന്ദനവും ലഭിച്ചിരുന്നു.
കാട്ടുപന്നിയും മുള്ളൻപന്നിയും വാഹനങ്ങൾക്ക് കുറുകെ ചാടുന്നതുമൂലമുള്ള അപകടങ്ങൾ ജില്ലയിൽ പതിവാകുകയാണ്. ഇരുചക്രവാഹനങ്ങൾക്ക് കുറുകേ പന്നി ചാടിയതുമൂലമുണ്ടായ അപകടങ്ങളിൽ മാലോത്തും കാറഡുക്ക കർമംതൊടിയിലുമായി രണ്ട് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.