വിജിതയ്ക്കു വേണം സുമനസുകളുടെ കൈത്താങ്ങ്
1459338
Sunday, October 6, 2024 6:55 AM IST
രാജപുരം: ബ്ലഡ് കാൻസർ ബാധിച്ച് ദുരിതത്തിലായ വീട്ടമ്മയുടെ ചികിത്സാസഹായത്തിനായി നാട് കൈകോർക്കുന്നു. കള്ളാർ വീട്ടിക്കോലിലെ വിജേഷിന്റെ ഭാര്യ വിജിത (30)യാണ് രോഗബാധിതയായിരിക്കുന്നത്. അസുഖം ഭേദമാകുന്നതിന് മജ്ജ മാറ്റിവെക്കാനാണ് ഡോക്ടർ നിർദേശിച്ചത്.
ഈ ശസ്ത്രക്രിയക്ക് 10 ലക്ഷം രൂപ ചെലവ് വരും. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുബമാണ് ഇവരുടേത്. വിവേക് ( എട്ടാം ക്ലാസ്), വിജിനേഷ് (മൂന്നാംക്ലാസ്), വിഘ്നേഷ് (ഒന്നാം ക്ലാസ്) എന്നിവർ മക്കളാണ്. കള്ളാർ പഞ്ചായത് പ്രസിഡന്റ് ടി.കെ. നാരായണൻ ചെയർമാനായും വാർഡ് മെംബർ വി. സബിത ജനറൽ കൺവീനറായും എസ്ടി പ്രമോട്ടർ കെ. ദിനേഷ് കൺവീനറായും കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥൻ വിനു (ബ്രദേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മ്മ പ്രസിഡന്റ്) ഉന്നതി ഊരുമൂപ്പൻ കൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെട്ടവരുടെ മേൽനോട്ടത്തിലാണ് കമ്മിറ്റി പ്രവർത്തിച്ചു വരുന്നത്.
ഇത്രയും ഭീമമായ തുക സമാഹരിക്കുന്നതിന് സുമനസുകളുടെ സഹായം തേടുന്നതായി കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ ടി.കെ. നാരായണൻ, കൺവീനർ കെ. ദിനേഷ്, കെ. ദാമോദരൻ, എം. വിജിത്ത് , കെ. ജ്യോതിഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.