കളക്ടറുമായി ഉടക്ക് ഉപവാസസമരം പുനരാരംഭിച്ച് ചെങ്കല്‍ ക്വാറി ഉടമകള്‍
1458902
Friday, October 4, 2024 6:52 AM IST
കാസര്‍ഗോഡ്: ജില്ലാ കളക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നാരോപിച്ച് ചെങ്കല്‍ ക്വാറി ഉടമകള്‍ അനിശ്ചിതകാല റിലേ ഉപവാസസമരം പുനരാരംഭിച്ചു.
സെപ്റ്റംബര്‍ 16നാണ് ചെങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ജില്ലയില്‍ ചെങ്കല്‍ ഉത്പാദകര്‍ കളക്ടറേറ്റ് പരിസരത്ത് അനിശ്ചിതകാല ഉപവാസസമരം ആരംഭിച്ചത്.
പട്ടയ ഭൂമി ഉള്‍പ്പടെ പെര്‍മിറ്റ് നല്‍കുന്നതിന് നിയമപരമായ തടസങ്ങള്‍ ഉള്ളതിനാല്‍ ജില്ലയില്‍ ഒരു ചെങ്കല്‍ പണകള്‍ക്കും പെര്‍മിറ്റ് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ഈ സാഹചര്യത്തില്‍ ഭീമമായ പിഴ ചുമത്തുന്നതും വാഹനങ്ങള്‍ പിടിച്ചെടുത്ത് വിട്ടുതരാത്തതും ഉള്‍പ്പടെ കര്‍ശനമായ നിയമ നടപടികളും മയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
സമരത്തെ ജില്ലാ ഭരണകൂടം അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 25നു ക്വാറി ഉടമ മടിക്കൈ മലപ്പച്ചേരിയിലെ ഗോപാലകൃഷ്ണന് സമരപന്തലില്‍ വിഷം കഴിച്ച് ആത്മഹത്യ ശ്രമിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു ഇതേതുടര്‍ന്നാണ് 28ന് എംഎല്‍എമാരായ സി.എച്ച്. കുഞ്ഞമ്പു, എന്‍.എ. നെല്ലിക്കുന്ന് എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്.
പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള കാലതാമസം അടിയന്തരമായി പരിഹരിക്കുമെന്നും തത്കാലം കടുത്ത നടപടികളില്‍ നിന്ന് ഒഴിവാക്കി പ്രവര്ത്തുകാനുള്ള സൗകര്യം ഉണ്ടാകുമെന്നും ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതിനെതുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
എന്നാല്‍ പിന്നീട് ക്വാറികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയാണ് കളക്ടര്‍ ചെയ്തതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
ജിയോളജി വകുപ്പും റവന്യു വകുപ്പും ക്വാറികള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുന്‍പ് തന്നെ വ്യാപകമായി പരിശോധന ആരംഭിച്ചു. ഇതോടെ യാതൊരു നിലക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല എന്ന സ്ഥിതി വന്നതോടെയാണ് ഇന്നലെ മുതല്‍ സമരം പുനരാരംഭിച്ചതെന്ന് ക്വാറി ഉടമകള്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് നാരായണന് കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധാകര പൂജാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസൈന് ബേര്‍ക്ക സ്വാഗതവും ട്രഷറര്‍ എം. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.