സിവില്‍ സ്റ്റേഷന് ശുചീകരിക്കും
1454551
Friday, September 20, 2024 1:56 AM IST
കാസര്‍ഗോഡ്: ക്ലീന്‍ സിവില്‍ സ്റ്റേഷന്, ഗ്രീന്‍ സിവില്‍ സ്റ്റേഷന് എന്ന ആശയവുമായ മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിനിനോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ടിന് കാസര്‍ഗോഡ് സിവില്‍ സ്റ്റേഷന് ശുചീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കാടുമൂടി കിടക്കുന്നതും മാലിന്യങ്ങള്‍ കൂടിയിരിക്കുന്നതുമായ പ്രദേശങ്ങള്‍ ശുചീകരിക്കും. ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പഴയ ഫയലുകള്‍ നീക്കം ചെയ്യും. ഓഫീസിനകത്തും പുറത്തുമുള്ള മുഴുവന്‍ മാലിന്യങ്ങളും നീക്കി ഹരിത ഓഫീസുകളാക്കി മാറ്റും.
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ ഓഫീസുകളിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷതവഹിച്ചു. മാലിന്യ മുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഓഫീസുകളും ഹരിത ഓഫീസുകളായി പ്രഖ്യാപിക്കേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് കളക്ടറേറ്റ് പരിസരം ശുചീകരിക്കുന്നതിന് മുഴുവന്‍ ജീവനക്കാരുടെയും പങ്കാളിത്തം ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജൈവ അജൈവ മാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍, സ്റ്റീൽ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ വേസ്റ്റുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, ഒറ്റത്തവണ ഉപയോമുള്ള പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കല്‍, ശുചിയായ ബാത്ത് റൂം സൗകര്യം തുടങ്ങിയവയാണ് ഹരിത ഓഫീസിന്റെ മാനദണ്ഡങ്ങള്‍. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മ സേനയും മാത്രമല്ല സമൂഹത്തിലെ മുഴുവന്‍ ആളുകളും ഭാഗമാകേണ്ടതുണ്ട്. പ്രോട്ടോകോള്‍ ഒഴിവാക്കി മുഴുവന്‍ ഉദ്യോഗസ്ഥരും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും അവര്‍ പറഞ്ഞു.
ഒക്ടോബര്‍ രണ്ടിന് ജനകീയ കാമ്പയിന് ആരംഭിക്കുന്ന ദിവസം ജില്ലയിലെ 777 വാര്‍ഡുകളിലും ശുചിത്വവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ പൂര്‍ത്തീകരണമോ ഉദ്ഘാടനമോ നടക്കും. ജില്ലാ പഞ്ചായത്ത് ഹരിത വിദ്യാലയങ്ങള്‍ പ്രഖ്യാപിക്കും. നവംബര്‍ ഒന്നിന് മികച്ചരീതിയില്‍ ഓഫീസും പരിസരവും ശുചീകരിച്ച് നിലനിര്‍ത്തുന്ന ഓഫീസുകള്‍ക്ക് പുരസ്കാരം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.