പി.എ. നായരുടെ സ്ഥലത്തേക്ക് റോഡ് ലഭ്യമാക്കാൻ ഉന്നതതല യോഗത്തിൽ ധാരണ
1454546
Friday, September 20, 2024 1:56 AM IST
എളേരിത്തട്ട്: ഇ.കെ.നായനാർ സ്മാരക ഗവ.കോളജിന്റെ നിർമാണത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയ മുതിർന്ന സിപിഐ നേതാവ് പി.എ.നായരുടെ ബാക്കി സ്ഥലത്തേക്ക് റോഡ് ലഭ്യമാക്കുന്നതിനായി കോളജിന്റെ മതിൽ പൊളിച്ചുപണിയാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ധാരണ.
പി.എ.നായരുടെ പുരയിടത്തിലേക്ക് നാല് മീറ്റർ വീതിയിലാണ് റോഡ് ലഭ്യമാക്കുകയെന്ന് മന്ത്രി ബിന്ദു അറിയിച്ചു. ഇതിനായി കോളജിന്റെ മതിൽ 54 മീറ്റർ നീളത്തിൽ പൊളിച്ച ശേഷം നാല് മീറ്റർ ഉള്ളിലേക്ക് മാറ്റി പുനർനിർമിക്കാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കും.
റോഡ് നിർമിക്കാനുള്ള അനുമതിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകും. ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചയുടൻ തന്നെ വഴി പ്രശ്നവുമായി ബന്ധപ്പെട്ട് പി.എ.നായർ നല്കിയ പരാതികൾ പിൻവലിക്കാനും യോഗത്തിൽ ധാരണയായി.
എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാലൻ, കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ.സുധീർ ഐഎഎസ്, പ്രിൻസിപ്പൽ ഡോ.മാത്യൂസ് പ്ലാമൂട്ടിൽ, പി.എ.നായരുടെ മകൻ ഭുവനേന്ദ്രൻ, കാഞ്ഞങ്ങാട് ആർഡിഒയുടെ പ്രതിനിധിയായി സീനിയർ സൂപ്രണ്ട് പി.എസ്.വിനോദ് കുമാർ, സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കോളജിന് വിട്ടുനല്‍കിയ സ്ഥലത്തിന് ചുറ്റുമതിൽ കെട്ടിയതോടെയാണ് പി.എ.നായരുടെ ബാക്കി സ്ഥലത്തേക്കുള്ള വഴി തടസപ്പെട്ടത്. ഇതോടെ ഈ സ്ഥലത്ത് സ്വന്തമായി വീട് നിർമിക്കാനുള്ള പി.എ.നായരുടെ സ്വപ്നവും പാതിവഴിയിലായിരുന്നു. ന്യായമായി ലഭിക്കേണ്ട വഴിക്കുവേണ്ടി 86-ാം വയസിലും കാത്തിരിപ്പ് തുടരുന്ന പി.എ.നായരുടെ അവസ്ഥ ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ടത്.