മടിക്കൈയില്‍ ചെങ്കല്ലറകളും കല്‍വൃത്തവും കണ്ടെത്തി
1453966
Wednesday, September 18, 2024 1:28 AM IST
മടിക്കൈ: കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രപരിസരത്തും കുരങ്ങനാടിയിലുമായി മഹാശിലാ കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകള്‍ കണ്ടെത്തി.
അട്ടക്കാട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡിന്റെ സമീപത്ത് റോഡ് നിര്‍മാണത്തിനിടയില്‍ പകുതി ഭാഗം തകര്‍ക്കപ്പെട്ട നിലയിലാണ് ചെങ്കല്ലറകള്‍ ഉള്ളത്. മഹാ ശിലാ കാലഘട്ടത്തിലേതെന്നു കരുതുന്ന കല്‍വൃത്തവും സമീപത്തായുണ്ട്. കുരങ്ങനാടിയില്‍ സ്വകാര്യ പറമ്പിലാണ് ചെങ്കല്ലറ കണ്ടെത്തിയത്. കുരങ്ങനാടിയില്‍ കണ്ടെത്തിയ ചെങ്കല്ലറയുടെ മധ്യഭാഗത്ത് വൃത്താകൃതിയിലുള്ള സുഷിരവും ഒരു ഭാഗത്ത് ചെങ്കല്ലറയിലേക്ക് കടക്കുവാനുള്ള കവാടവുമുണ്ട്.
പ്രാദേശിക പുരവസ്തു നിരീക്ഷകനായ സതീശന് കാളിയാനം നടത്തിയ നിരീക്ഷണത്തിലാണ് ഗുഹാ ഭാഗങ്ങള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ച ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു കോളജ് ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാര്‍ കോറോത്ത് കണ്ടെത്തിയ ഗുഹകള്‍ രണ്ടായിരം വര്‍ഷം മുമ്പ് നിലനിന്നിരുന്ന മഹാ ശിലാ കാലഘട്ടത്തിലെ സ്മാരകങ്ങളായ ചെങ്കല്ലറകളാണെന്ന് സ്ഥിരീകരിച്ചു. വിശ്വാസത്തിന്റെ ഭാഗമായി മണ്‍പാത്രങ്ങളും ഇരുമ്പായുധങ്ങളുമാണ് ചെങ്കല്ലറയില്‍ നിക്ഷേപിക്കാറുള്ളത്.