വെറുതേ ഈ കെട്ടിടങ്ങൾ
1444978
Thursday, August 15, 2024 1:48 AM IST
കാഞ്ഞങ്ങാട്: കനത്ത മഴയും കാറ്റും മണ്ണിടിച്ചിലുമൊക്കെ ഉണ്ടാകുമ്പോൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കേണ്ടതാണ് താലൂക്ക് ദുരന്തനിവാരണകേന്ദ്രം. എന്നാൽ, കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലെ ദുരന്തനിവാരണകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്നേവരെ തുറന്നിട്ടില്ല.
കഴിഞ്ഞവർഷം മാർച്ച് 30നാണ് റവന്യൂമന്ത്രി കെ. രാജൻ ദുരന്തനിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആഘോഷമായി നടത്തിയത്. ദുരന്തനിവാരണ പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും ദുരിതാശ്വാസപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ എല്ലാ താലൂക്കുകളിലും ഇതുപോലുള്ള കേന്ദ്രങ്ങൾ സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഉദ്ഘാടനം നടത്തിയ കേന്ദ്രം തന്നെ ഒന്നര വർഷത്തോളമായിട്ടും പ്രവർത്തനം തുടങ്ങിയില്ല.
വൈദ്യുതി കിട്ടാത്തതാണ് പ്രവർത്തനം തുടങ്ങുന്നതിനുള്ള തടസമായി പറയുന്നത്. മിനി സിവിൽ സ്റ്റേഷനിൽ നിർമിച്ച സർക്കാർ കെട്ടിടത്തിന് വൈദ്യുത കണക്ഷൻ കിട്ടാൻ അത്രയും ബുദ്ധിമുട്ടാണോ എന്ന ചോദ്യം ബാക്കിയാകുന്നു. 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടത്തിന്റെ പരിസരങ്ങൾ ഇപ്പോൾ കാടുകയറിത്തുടങ്ങി.
കെട്ടിടത്തിലേക്ക് വൈദ്യുതിയെത്തിക്കണമെങ്കിൽ പുതുതായി ഒരുതൂണ് സ്ഥാപിക്കണമെന്നാണ് കെഎസ്ഇബി അധികൃതർ അറിയിച്ചിട്ടുള്ളത്. എന്നാൽ, ഇതിനുള്ള ചെലവ് വഹിക്കാൻ റവന്യൂ വകുപ്പ് തയാറല്ല. കെട്ടിടത്തിന്റെ നിർമാണ ചുമതല നിർവഹിച്ച നിർമിതികേന്ദ്രം അധികൃതർ തന്നെയാണ് വൈദ്യുത കണക്ഷൻ വരെയുള്ള ചെലവുകൾ വഹിക്കേണ്ടതെന്നാണ് റവന്യൂവകുപ്പിന്റെ നിലപാട്.
എന്നാൽ, പണി പൂർത്തിയാക്കി മുഴുവൻ ബില്ലുകളും ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചു കഴിഞ്ഞതായും വൈദ്യുത കണക്ഷന്റെ കാര്യം ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും നിർമിതികേന്ദ്രം പറയുന്നു. കെട്ടിടവും കാശും സർക്കാരിന്റെ തന്നെ വകുപ്പുകൾ തന്നെയായിട്ടും അനാവശ്യ തർക്കത്തിന്റെ പേരിൽ കെട്ടിടം പാഴായിപ്പോകുകയാണ്.
വെറുതേ കിടക്കുന്ന കെട്ടിടത്തിനുള്ളിൽ കഴിഞ്ഞ ജനുവരിയിൽ പൂച്ച പെറ്റുകിടന്നതും വാർത്തയായിരുന്നു. എല്ലാവിധ സൗകര്യവുമുള്ള കെട്ടിടം ഇങ്ങനെ കിടക്കുമ്പോൾ താലൂക്ക് ഓഫീസിനകത്തെ ഇടുങ്ങിയൊരു ഭാഗത്താണ് ദുരന്തനിവാരണകേന്ദ്രവും കൺട്രോൾ റൂമും ഇപ്പോഴും പ്രവർത്തിക്കുന്നത്.
കഴിഞ്ഞദിവസങ്ങളിൽ ജില്ലയിൽ മഴ ശക്തിപ്രാപിച്ചപ്പോൾ ഇവിടെയുള്ള പരിമിതമായ സൗകര്യങ്ങളിലിരുന്നാണ് ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഒരു വർഷം കഴിഞ്ഞിട്ടും തുറക്കാതെ
കയ്യൂർ വില്ലേജ് ഓഫീസ് കെട്ടിടം
ചീമേനി: കയ്യൂർ വില്ലേജ് ഓഫീസിനായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായി. റവന്യൂമന്ത്രി കെ. രാജൻ തന്നെയാണ് ഉദ്ഘാടനം നിർവഹിച്ചത്. പക്ഷേ 40 ലക്ഷത്തോളം രൂപ മുടക്കി നിർമിച്ച കെട്ടിടം ഇപ്പോഴും ഉപയോഗമില്ലാതെ കിടക്കുകയാണ്. ഓഫീസിനകത്ത് മേശയും കസേരകളും അലമാരകളുമടക്കമുള്ള സൗകര്യങ്ങൾ ഇതുവരെ ഒരുങ്ങിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആനയെ വാങ്ങിക്കഴിഞ്ഞിട്ട് തോട്ടി വാങ്ങാൻ ഫണ്ടില്ലെന്നു പറയുന്ന പഴയ ന്യായം തന്നെ.
ഓഫീസിനകത്ത് ഫർണിച്ചറുകൾ സ്ഥാപിക്കാൻ ആറുലക്ഷത്തോളം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ഇത് അനുവദിച്ചു കിട്ടിയാലുടൻ ഫർണിച്ചറുകൾ സ്ഥാപിച്ച് കെട്ടിടം തുറക്കുമെന്നാണ് പറയുന്നത്.
പഴയ വില്ലേജ് ഓഫീസ് കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് ജീവനക്കാരുടെ ക്വാർട്ടേഴ്സിലാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇവിടുത്തെ മുറികളും മഴയിൽ ചോർന്നൊലിക്കുന്നുണ്ട്.
സ്മാർട്ട് വില്ലേജ് ഓഫീസിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് പുതിയ കെട്ടിടം നിർമിച്ചത്. മുറികളിൽ ലൈറ്റുകളും ഫാനുകളുമുൾപ്പെടെ സ്ഥാപിച്ചു. വൈദ്യുത കണക്ഷനും ലഭിച്ചു. പക്ഷേ ഓഫീസ് പ്രവർത്തിക്കാൻ ഏറ്റവും ആവശ്യമുള്ള മേശയും കസേരയും അലമാരയും മാത്രമാണ് ഇനിയും കിട്ടാത്തത്.