ദേശീയപാത നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണം: എംപി
1444711
Wednesday, August 14, 2024 1:42 AM IST
കാസര്‍ഗോഡ്: ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ദേശീയപാതയുടെ നിര്‍മാണം അശാസ്ത്രീയമാണെന്നും അപകടം വിളിച്ചു വരുത്തുന്നതാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ദേശീയപാത നിര്‍മാണത്തിനിടെ ചെര്‍ക്കളയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേവലം ഒരിഞ്ച് കനത്തില്‍ മണ്‍ഭിത്തികള്‍ക്ക് മേല്‍ സിമന്റ്, എം-സാന്‍ഡ് മിശ്രിതം പൂശിയത് അല്ലാതെ ഭിത്തി കെട്ടിയിട്ടില്ല. ഇതു നിര്‍മാണത്തിലെ പിഴവാണ്. ദേശീയപാത അഥോറിറ്റി അധികൃതരെ വിവരം ധരിപ്പിച്ച എംപി അടിയന്തരമായ ഇടപെടല്‍ നടത്തി പ്രശ്നപരിഹാരം നടത്താന്‍ നിര്‍ദേശിച്ചു. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെ റോഡിനിരുവശത്തും സര്‍വീസ് റോഡുകള്‍ ഇല്ല .
ഈ പ്രദേശത്തെ ജനങ്ങള്‍ എങ്ങനെ സഞ്ചരിക്കും എന്നതിലും വ്യക്തതയില്ല. ഇതിനും തീരുമാനം ഉണ്ടാകണമെന്ന് എംപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എംപിയുടെ പുലര്‍ച്ചെയുള്ള സന്ദര്‍ശന വിവരമറിഞ്ഞ് പ്രദേശത്തെ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും തടിച്ചുകൂടിയിരുന്നു. അവര്‍ നല്കിയ പരാതികള്‍ എംപി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.