പെരുമഴയ്ക്കിടയിൽ റബർതോട്ടങ്ങളിൽ ഇലപൊഴിച്ചിൽ; കുമിൾബാധ വ്യാപകം
1440916
Thursday, August 1, 2024 2:27 AM IST
ഒടയംചാൽ: പെരുമഴക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും റബർതോട്ടങ്ങളിൽ അസ്വഭാവിക ഇലപൊഴിച്ചിൽ. ഫൈറ്റോഫ്തോറ എന്ന കുമിൾബാധയാണ് ഇലപൊഴിച്ചിലിന് കാരണമെന്നാണ് കാർഷിക വിദഗ്ധർ പറയുന്നത്. കമുകിന്റെ മഹാളിക്കും തെങ്ങിന്റെ മണ്ടചീയലിനും സമാനമായ അവസ്ഥയാണ് ഇതെന്ന് പടന്നക്കാട് കാർഷിക കോളജ് സസ്യരോഗവിഭാഗത്തിലെ ഡോ.സൈനമോൾ കുര്യൻ പറഞ്ഞു.
കോടോം ബേളൂർ പഞ്ചായത്തിൽ ഇലപൊഴിച്ചിൽ അനുഭവപ്പെട്ട റബർ തോട്ടങ്ങൾ കൃഷി ഓഫീസർ കെ.വി.ഹരിതയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. റബർതോട്ടങ്ങളിൽ കുമിൾനാശിനി തളിക്കുന്നതിന് ഹെക്ടറിന് നാലായിരം രൂപ നിരക്കിൽ റബർ ബോർഡ് സഹായധനം നല്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ മേയ് മാസത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിയാത്തതുകൊണ്ട് തുക അനുവദിക്കാൻ കഴിഞ്ഞില്ല. പിന്നീട് നല്കാമെന്ന ഉറപ്പ് പ്രൊഡക്ഷൻ സൊസൈറ്റികൾ മുഖേന നൽകിയെങ്കിലും ഭൂരിഭാഗം തോട്ടമുടമകളും ഈ വർഷം മരുന്ന് തളിച്ചില്ലെന്ന് റബർ ബോർഡ് ഡെപ്യൂട്ടി പ്രൊഡക്ഷൻ മാനേജർ കെ.മോഹനൻ പറഞ്ഞു. ഇതിനൊപ്പം കനത്ത മഴ കൂടിയായതോടെയാണ് കുമിൾരോഗം വ്യാപകമായത്.
ജില്ലയിൽ 40 ശതമാനത്തോളം തോട്ടങ്ങളിൽ രോഗബാധ കണ്ടെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഇതുമൂലം 30 ശതമാനത്തോളം ഉത്പാദനനഷ്ടം സംഭവിക്കാം. മരങ്ങൾക്ക് ദീർഘകാലം പച്ചപ്പ് നഷ്ടപ്പെടുന്നതോടെ സ്വാഭാവികമായ വളർച്ചയും പാലുത്പാദന ക്ഷമതയും കുറയും.
വേനലിൽ നടത്തുന്ന കുമിൾനാശിനി പ്രയോഗം മാത്രമാണ് പ്രതിരോധമാർഗമെന്നും രോഗം ബാധിച്ച ശേഷം കുമിൾനാശിനി തളിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും ഡോ.സൈനമോൾ കുര്യൻ പറഞ്ഞു. മരങ്ങൾ പച്ചപ്പ് വീണ്ടെടുത്ത ശേഷം അടുത്ത വേനലിൽ കുമിൾനാശിനി തളിച്ചാൽ വരുംവർഷം രോഗബാധയുണ്ടാകാതെ പിടിച്ചുനിർത്താൻ സാധിക്കും.