നീലേശ്വരത്ത് ഗതാഗത ക്രമീകരണം കർശനമാക്കാൻ തീരുമാനം
1437885
Sunday, July 21, 2024 7:38 AM IST
നീലേശ്വരം: ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ഇന്നുമുതൽ കർശനമായി നടപ്പാക്കാൻ നഗരസഭാധ്യക്ഷ ടി.വി.ശാന്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ബസാർ ജംഗ്ഷനിൽ നിന്ന് തളി അമ്പലം റോഡ് വഴി വൺവേയായി കടന്നുവന്ന് രാജാ റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം രാജാ റോഡ് വഴി തന്നെ മാർക്കറ്റിലേക്ക് തിരിച്ചുപോകണം.
കിഴക്കൻ മേഖലയിൽ നിന്നുവരുന്ന ബസുകൾക്ക് രാജാറോഡിലെ പെട്രോൾ പമ്പിന് മുന്നിൽ നിർത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷം രാജാ റോഡിലൂടെ കാഞ്ഞങ്ങാട്, പയ്യന്നൂർ ഭാഗങ്ങളിലേക്ക് പോകാം.
കിഴക്കൻ മേഖലയിലേക്ക് പോകുന്ന ബസുകൾ തളിയിൽ അമ്പലം റോഡ് വഴി വന്ന് നിർദിഷ്ട പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം.
ബസുകൾക്ക് പാർക്ക് ചെയ്യാൻ കോൺവെന്റ് ജംഗ്ഷനിൽ സൗകര്യമൊരുക്കി. മെയിൻ ബസാർ മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് പൂർണമായും നിരോധിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.രവീന്ദ്രൻ, വി.ഗൗരി, ഷംസുദ്ദീൻ അരിഞ്ചിറ, കൗൺസിലർ ഇ.ഷജീർ, നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ, എസ്ഐ എം.വി.വിഷ്ണുപ്രസാദ്, ഓട്ടോറിക്ഷ തൊഴിലാളി സംഘടന നേതാക്കളായ കെ.ഉണ്ണി നായർ, സി.വിദ്യാധരൻ എന്നിവർ പങ്കെടുത്തു.